Site iconSite icon Janayugom Online

പൗരത്വ ഭേദഗതി നിയമം; പുനഃപരിശോധനയില്ലെന്ന് കേന്ദ്രം; പ്രതിഷേധം വ്യാപകം

പൗരത്വ ഭേദഗതി നിയമത്തില്‍ പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നടപടികള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
നിയമ നിർമ്മാണത്തിന് തുടർച്ചയായി ചട്ടങ്ങൾ രൂപീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. 1955ലെ പൗരത്വ ഭേദഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ് ഇതുവഴി നടന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു കൊണ്ടല്ല നടപടികൾ പൂർത്തിയാക്കിയതെന്നും വ്യക്തമാക്കും. സിഎഎ വിഷയത്തിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന വിവിധ അപേക്ഷകളിലാണ് കോടതിയെ നിലപാട് അറിയിക്കുക.

അതേസമയം പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. ഡൽഹി സർവകലാശാലയിൽ ഇന്നലെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.
വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ പേര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോൺഗ്രസ് നേതാവും അസം പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയയും ഹര്‍ജി ഫയല്‍ ചെയ്തു. അസമില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ (എഎഎസ്‍യു)നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം സത്യഗ്രഹം സംഘടിപ്പിച്ചു.
സംസ്ഥാനത്ത് നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ‌്നാട് സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമബംഗാളും നിയമം നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Cit­i­zen­ship Amend­ment Act; Cen­ter says no re-exam­i­na­tion; Protests are widespread

You may also like this video

Exit mobile version