Site iconSite icon Janayugom Online

പൗരത്വ ഭേദഗതി നിയമം: എല്‍ഡിഎഫ് പ്രതിഷേധം നടത്തി

മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ റാലിയും യോഗവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിലനില്പിന്റെ ആധാരശില മതനിരപേക്ഷതയാണ്. അത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്. മതനിരപേക്ഷതയ്ക്കെതിരായ സംഘ്പരിവാറിന്റെ ദീര്‍ഘകാലമായുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി നിയമം. രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാനുള്ള നീക്കത്തിനെ ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കേണ്ടതുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങളില്‍ ഇടതുപക്ഷം ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വിഭജിച്ചും ഭയപ്പെടുത്തിയും കീഴ്‌പ്പെടുത്താമെന്ന സംഘ്പരിവാര്‍ നയം അംഗീകരിക്കില്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ മതവികാരം വളര്‍ത്തിയെടുത്ത് വോട്ടാക്കി മാറ്റുന്നതിനുള്ള ബിജെപിയുടെ കുടില തന്ത്രമാണിത്. അതിനെ മതേതര വിശ്വാസികള്‍ക്ക് ന്യായീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങളില്‍ ഒരു തരത്തിലും ചാഞ്ചല്യമില്ലാതെ പോരാടുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. രാജ്യത്തെ ജനങ്ങളെ തല്ലിച്ച് മാറ്റിനിര്‍ത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് നേതാക്കളായ സത്യന്‍ മൊകേരി, സി ജയന്‍ബാബു, എം വിജയകുമാര്‍, മാങ്കോട് രാധാകൃഷ്‌ണന്‍, ഡോ. എ നീലലോഹിതദാസ് നാടാര്‍, അഡ്വ. എസ് ഫിറോസ് ലാല്‍, ജമീലാ പ്രകാശം, ജെ സഹായദാസ്, തമ്പാനൂര്‍ രാജീവ്, തോമസ് ഫെര്‍ണാണ്ടസ്, എസ് എം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഴിക്കോട് ജങ്ഷനിൽ നടന്ന പ്രതിഷേധ ധർണയും യോഗവും നടന്നു. സിപിഐ(എം) നേതാവ് കെ എസ് സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി അഡ്വ. എസ് എ റഹിം അധ്യക്ഷത വഹിച്ചു.

അഴിക്കോട് ജമാ അത്ത് ചീഫ് ഇമാം അബ്ദുൽ വാഹിദ് അൽ വാസിമി, ജമാഅത്ത് പ്രസിഡന്റ്‌ ബഷിർ, ജമാഅത്ത് ഇസ്ലാമി സെക്രട്ടറി ഡോ. സുലൈമാൻ, സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം അഡ്വ. ആർ രാജ്‌മോഹൻ, വി ആർ പ്രവീൺ, എം എസ് ജാസിർ, ഇ എ റഹിം എന്നിവർ സംസാരിച്ചു. എൽഡിഎഫ് വിഴിഞ്ഞം ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം എൽഡിഎഫ് കോവളം മണ്ഡലം കൺവീനര്‍ പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. എ ജെ സുക്കാർണോ, ഉച്ചക്കട ചന്ദ്രൻ, യു സുധീർ, സിന്ധുരാജൻ, നെൽസൺ, വിഴിഞ്ഞം ജയകുമാർ, തെന്നൂർക്കോണം ബാബു, വിജയമൂർത്തി, വെങ്ങാനൂർ ലോയ്ഡ് എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Cit­i­zen­ship Amend­ment Act: LDF protests
You may also like this video

Exit mobile version