Site icon Janayugom Online

പൗരത്വ നിയമ ഭേദഗതി: ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ആറ് മാസം കൂടി സാവകാശം

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ആറ് മാസം കൂടി സാവകാശം. ഇത് ഏഴാം തവണയാണ് ഇക്കാര്യത്തില്‍ സമയം നീട്ടി നല്‍കുന്നത്.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതി ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞതാണ് കാലതാമസത്തിന് കാരണം. പാര്‍ലമെന്ററി സമിതിയോടാണ് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സമയം നീട്ടി ചോദിച്ചത്. രാജ്യസഭാ സമിതി ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 31ന് മുമ്പ് ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് രാജ്യസഭാ സമിതിയും ജനുവരി ഒമ്പതിന് മുമ്പ് ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ലോക്‌സഭാ സമിതിയും നിര്‍ദേശിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി മൂലമാണ് നിയമത്തിന്റെ ചട്ടങ്ങള്‍ വൈകുന്നതെന്നാണ് നവംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്തു വന്നാലും നിയമം നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2019 ഡിസംബറില്‍ പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും 83 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Eng­lish Sum­ma­ry: Cit­i­zen­ship Amend­ment Act: Six more months to frame rules

You may also like this video

Exit mobile version