വിവാദമായ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച അന്തിമ വിജ്ഞാപനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019 ഡിസംബറില്‍ പാസാക്കിയ നിയമം ഇനിയും വൈകിപ്പിക്കില്ലെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
പുതുക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്ത് അന്തിമ വിജ്ഞാപനം നീണ്ടുപോകുകയായിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥന്‍ കുട്ടിച്ചേര്‍ത്തു.
നിയമങ്ങള്‍ തയ്യാറാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായിക്കഴിഞ്ഞു. പൗരത്വം സംബന്ധിച്ച മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈന്‍ വഴിയാകും സാധ്യമാക്കുക. അപേക്ഷകര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച വര്‍ഷം സ്വമേധയാ പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. അപേക്ഷകരില്‍ നിന്ന് മറ്റൊരു രേഖയും ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 ഡിസംബര്‍ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കും വിധമാണ് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നത്.
English Summary;Citizenship Amendment Act; The Center will announce the final notification soon
You may also like this video