Site iconSite icon Janayugom Online

സിറ്റി-ആഴ്സണല്‍ സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 2–1ന്റെ ലീഡുമായി സിറ്റിയുടെ തട്ടകത്തില്‍ കച്ചമുറുക്കി വിജയം നേടാമെന്ന ഗണ്ണേഴ്സിന്റെ സ്വപ്‌നം അവസാന നിമിഷം 97-ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ പൊലിയുകയായിരുന്നു. പത്തുപേരായി ചുരുങ്ങിയിട്ടും സിറ്റിക്കെതിരെ അവസാനമിനിട്ടുവരെ ആഴ്സണല്‍ ജയപ്രതീക്ഷയിലായിരുന്നു. കളിയുടെ ഒമ്പതാം മിനിറ്റിൽ തന്നെ എർലിങ് ഹാളണ്ടിലൂടെ സിറ്റിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. 

22-ാം മിനിറ്റിൽ റിക്കാർഡോ കലഫിയോരിയിലൂടെ ആഴ്സണൽ തിരിച്ചടിച്ച് സമനില കുരുക്കി. ആദ്യപകുതി അവസാനിക്കാനിരിക്കേ കോർണറിന് നിന്നുള്ള ഹെഡറില്‍ ഗബ്രിയേൽ ആഴ്സണലിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. തൊട്ടടുത്ത നിമിഷം രണ്ടാം മഞ്ഞക്കാർഡും വാങ്ങി മുന്നേറ്റ നിര താരം ലിയാണ്ട്രോ ട്രൊസാർഡ് കളം വിട്ടു. പിന്നീട് പത്ത് പേരുമായി കളിക്കേണ്ടി വന്ന ആഴ്സണല്‍ പ്രതിരോധത്തിലേക്ക് ഊന്നുകയായിരുന്നു. ഏറെ ജാഗ്രതയോ​ടെ ഗോൾവലയ്ക്ക് കാവലായ ഡേവിഡ് റയയും ആർസനലിന്റെ രക്ഷകനായി. 

മത്സരത്തിന്റെ 78 ശതമാനം സമയവും സിറ്റിയാണ് പന്ത് കൈവശം വച്ചതെങ്കിലും അവസാനം വരെ ജയപ്രതീക്ഷയിലായിരുന്നു ആഴ്സണല്‍. നീണ്ടു നിന്ന ഇഞ്ചുറി സമയവും സ്റ്റോണ്‍സിന്റെ ഗോളും എതിരാളികളുടെ തട്ടകത്തില്‍ സ്വപ്നവിജയം നേടുകയെന്ന ആഴ്സണലിന്റെ മോഹം തകർക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി സിറ്റി ഒന്നാമതും 11 പോയിന്റുമായി ആഴ്സണൽ നാലാമതുമാണ്. മറ്റൊരു മത്സരത്തില്‍ ബ്രെെറ്റണും നോട്ടിങ്ഹാം ഫോറസ്റ്റും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 

Exit mobile version