സിവിക് ചന്ദ്രന്‍ കേസില്‍ ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന് സ്ഥലം മാറ്റം ലഭിച്ചത്. എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയായിരുന്നു അദ്ദേഹം. എസ് എസ്ടി വകുപ്പുകളെ തള്ളിക്കൊണ്ടുള്ള ഉത്തരവും പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ചുളള ഉത്തരവും എസ് കൃഷ്ണകുമാര്‍ നടത്തിയത് വലിയ വിവാദത്തിന് ഇയാക്കിയത്. ഇതേ തുടര്‍ന്നാണ് കൊല്ലം ലേബര്‍ കോടതിയിലേക്ക് ജഡ്ജിയെ സ്ഥലംമാറ്റിയിരിക്കുന്നത്. പകരക്കാരനായി മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി മുരളീകൃഷ്ണന്‍.എസ് ആകും കോഴിക്കോട് സെഷന്‍സ് കോടതി പുതിയ ജഡ്ജി.
അതിനിടെ അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികൾ നൽകിയ ഹർജിയിലാണ്, മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച വരെയാണ് ഇടക്കാല സ്റ്റേ. കേസിലെ രേഖകൾ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജി പരിഗണിക്കവേ, വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്ന് നിരീക്ഷണവും ഉണ്ടായി. ഇക്കാര്യത്തിൽ മറുപടി വേണമെന്നും കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് പ്രോസിക്യൂഷനും പൊലീസിനും തെളിവ് ഹാജരാക്കാൻ ആയിട്ടില്ല. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. തങ്ങൾ സ്വാധീനിച്ചു എന്ന് ഒരു സാക്ഷി പോലും പരാതി നൽകിയിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. പൊലീസ് നടപടി മുഖം രക്ഷിക്കാനാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികൾ ആവശ്യപ്പെട്ടത്.
രണ്ടാം പ്രതി മരയ്ക്കാറും, അഞ്ചാം പ്രതി രാധാകൃഷ്ണനുമാണ് വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു.
English Summary:Civic Chandran Case; The judge who issued the controversial order has been transferred
You may also like this video