ശതകോടീശ്വരൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സിവിൽ തട്ടിപ്പ് കേസിലെ നിയമപരമായ നോട്ടീസ് സ്വീകരിക്കാൻ സമ്മതിച്ചു. അദാനി ഗ്രീൻ എനർജി ലിമിറ്റഡുമായി ബന്ധപ്പെട്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് 2024 നവംബറിൽ ഫയൽ ചെയ്ത കേസിലാണ് ഈ നടപടി. കേസ് നടപടികൾ വേഗത്തിലാക്കാനുള്ള ഒരു സാധാരണ നടപടിക്രമമാണിതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ന്യൂയോർക്കിലെ ബ്രൂക്ലിൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, അദാനിമാർക്ക് വേണ്ടി അവരുടെ യുഎസ് അഭിഭാഷകർ നോട്ടീസ് കൈപ്പറ്റും. ഇത് സംബന്ധിച്ച സംയുക്ത അപേക്ഷ കോടതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റുന്നതോടെ, 90 ദിവസത്തിനുള്ളിൽ പരാതി തള്ളണമെന്ന് ആവശ്യപ്പെടാനോ അല്ലെങ്കിൽ പ്രതിരോധം തീർക്കാനോ അദാനിമാർക്ക് സമയം ലഭിക്കും. 2025 ഫെബ്രുവരിയിൽ തന്നെ ഇന്ത്യ വഴി നോട്ടീസ് അയക്കാൻ എസ്ഇസി ശ്രമിച്ചിരുന്നെങ്കിലും അത് നടക്കാത്തതിനെത്തുടർന്ന് ഇമെയിൽ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ നോട്ടീസ് നൽകാൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇതിനിടയിലാണ് അഭിഭാഷകർ വഴി നോട്ടീസ് സ്വീകരിക്കാൻ അദാനിമാർ തയ്യാറായത്.
അതേസമയം, ഗൗതം അദാനിയും സാഗർ അദാനിയും അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചതായി ഇതുവരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഈ കേസ് പൂർണ്ണമായും സിവിൽ സ്വഭാവമുള്ളതാണെന്നും കമ്പനി ഇതിൽ ഒരു കക്ഷിയല്ലെന്നും അവർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകനായ റോബർട്ട് ഗ്യൂഫ്ര ജൂനിയറിനെയാണ് അദാനി തന്റെ പ്രതിരോധത്തിനായി നിയമിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നുവെന്നും നിയമപരമായ ചട്ടങ്ങൾ പാലിച്ചാണ് കമ്പനി മുന്നോട്ട് പോകുന്നതെന്നും അധികൃതർ അറിയിച്ചു.

