Site iconSite icon Janayugom Online

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കാനും നടപടി ഏറ്റുവാങ്ങാനും കഴിഞ്ഞതില്‍ അഭിമാനം; പൊലീസ് ഉദ്യോഗസ്ഥൻ

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ അഭിപ്രായം പറഞ്ഞതുകൊണ്ട് നടപടി നേരിടേണ്ടിവന്നതിൽ പ്രതികണവുമായി സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ഒപ്പം നിൽക്കാനും, അതിന് നടപടി ഏറ്റുവാങ്ങാനും കഴിഞ്ഞത് സർവീസ് ജീവിതത്തിലെ ഉജ്ജ്വലമായ ഒരവസരമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രാൻസ്ഫർ വിവരം വാർത്തകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മാധ്യമ വാർത്തകളിൽ നിന്നും അറിഞ്ഞതാണെന്നും തനിക്ക് നേരിട്ട് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൊലീസുകാരനെ പത്തനംതിട്ടയിലേക്ക് തട്ടി! അഭിമാനം. സന്തോഷം. ? പത്തനംതിട്ട ജില്ലയിൽ ജോലിചെയ്യാൻ അവസരമൊരുക്കിത്തന്ന ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിനും എഐജി ഹരിശങ്കർ സാറിനും നന്ദി രേഖപ്പെടുത്തുന്നു. ട്രാൻസ്ഫർ വിവരം വാർത്തകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും കണ്ടതാണ്. ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. സ്റ്റേഷനിൽ എത്തിയിട്ടുമില്ല. സംഗതി കിട്ടിയിട്ട് പറയാം ഇനിയുള്ള വിശേഷങ്ങൾ. എന്നത്തെയും പോലെ, ‘മ്മക്ക് പൊളിക്കാം ഡിയേഴ്സ്, ’ സ്ഥലംമാറ്റം സംബന്ധിച്ച വാർത്തകൾ പങ്കുവെച്ച് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആണ് ഉമേഷ് വള്ളിക്കുന്ന്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് ഉമേഷിനെ സ്ഥലംമാറ്റിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ ഉമേഷ് പേരെടുത്ത് പറയാതെയാണ് വിമർശിച്ചത്.

Exit mobile version