സുഡാനിൽ ആളിക്കത്തി ആഭ്യന്തര കലാപം. നിരവധിപേരാണ് ദിവസേന കൊല്ലപ്പെടുന്നത്. കൂട്ടപാലായനവും തുടരുകയാണ്. സുഡാനിൽ സൈന്യത്തിന്റെ ശക്തികേന്ദ്രമായ അൽ ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. പരമാവധി ആളുകൾക്ക് മാനുഷിക സഹായം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ.
2023ൽ ആരംഭിച്ച ആഭ്യന്തര കലാപം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ് സുഡാനിൽ. സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന ആർഎസ്എഫും തമ്മിലാണ് ഏറ്റുമുട്ടൽ. ഏകദേശം 60,000 ആളുകള്‍ ഇവിടെ നിന്നു പലായനം ചെയ്തുവെന്നാണ് യുഎന്നിന്റെ കണക്ക്. ആർഎസ്എഫ് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്.

