Site iconSite icon Janayugom Online

സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷം; എൽ ഫാഷർ പിടിച്ചെടുത്തെന്ന് അർധ സൈനിക വിഭാഗം, അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു എൻ

ആഭ്യന്തര കലാപത്താലും ഉപരോധത്താലും ഇതിനകം നരകമായിത്തീർന്ന സുഡാനിലെ വടക്കൻ നഗരമായ എൽ ഫാഷർ പിടിച്ചെടുത്തതായി വിമതസംഘമായ അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ എസ് എഫ്) അവകാശപ്പെട്ടു.
സുഡാനീസ് സൈന്യത്തിനും സഖ്യകക്ഷികൾക്കുമെതിരെ ക്രൂരമായ ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർ എസ് എഫിന്റെ കൈവശമാണിപ്പോൾ നഗരം. രാജ്യത്തിന്റെ വിശാലമായ പടിഞ്ഞാറൻ മേഖലയായ ദാർഫുറിലെ സുഡാനീസ് സൈന്യത്തിൻ്റെ അവസാന ശക്തികേന്ദ്രമാണ് എൽ ഫാഷർ. ഈ നഗരത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആർ എസ് എഫ് കഴിഞ്ഞ 18 മാസമായി എൽ ഫാഷറിൽ ഉപരോധം ഏർപ്പെടുത്തിവരികയായിരുന്നു. എൽ ഫാഷറിലെ ‘കൂലിപ്പടയാളി‘കളുടെയും ‘മിലിഷ്യകളു‘ടെയും പിടിയിൽനിന്ന് നഗരത്തിന്മേൽ നിയന്ത്രണം വ്യാപിപ്പിച്ചതായി അർധ സൈന്യത്തെ പിന്തുണക്കുന്ന പ്രാദേശിക മിലിഷ്യയായ പോപ്പുലർ റെസിസ്റ്റൻസ് പ്രസ്താവനയിൽ പറഞ്ഞു.

ആർ എസ് എഫുകാർ നഗരത്തിലേക്ക് കൂടുതൽ അതിക്രമിച്ച് കയറി സാധാരണക്കാർക്ക് രക്ഷപ്പെടാനുള്ള വഴികൾ അടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് യു എൻ ഹ്യുമാനിറ്റേറിയൻ മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. അടിയന്തര വെടിനിർത്തൽ, മാനുഷിക സഹായം ലഭിക്കാനുള്ള സൗകര്യം, വിട്ടുപോകാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് സുരക്ഷിതമായ പാത എന്നിവ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, മറ്റ് സ്ഥലങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ വഴികൾ, നഗരത്തിലെ എല്ലാവർക്കും ആവശ്യമായ സംരക്ഷണം എന്നിവ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ആർ എസ് എഫ് അറിയിച്ചു. ഇതിനിടെ, എൽ ഫാഷറിലെ സുഡാനീസ് പത്രപ്രവർത്തകൻ മുഅമ്മർ ഇബ്രാഹിമിനെ ആർ എസ് എഫ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ദാർഫുറിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി ആർ എസ് എഫ് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹത്തെ പിടികൂടിയതെന്നാണ് വിവരം.

Exit mobile version