Site iconSite icon Janayugom Online

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്‌കാരം 2025 വിതരണം ചെയ്തു

യുവകലാസാഹിതി ഷാർജ ഏർപ്പെടുത്തിയ 7മത് സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്‌കാര സമർപ്പണം ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കവിയും , പ്രഭാഷകനും , എഴുത്തുകാരനുമായ ആലംകോട് ലീലാകൃഷ്ണനിൽ നിന്നും പുനലൂർ സോമരാജൻ അവാർഡ് ഏറ്റുവാങ്ങി. സി കെ ചന്ദ്രപ്പൻ സ്‌മൃതി ഫലകവും 2025 ദിർഹവും അടങ്ങുന്നതാണ് അവാർഡ്. 

വയലാറിൻ്റെ ത്യാഗപൂർണ്ണമായ മണ്ണ് സി കെ ചന്ദ്രപ്പൻ എന്ന അതുല്യ വിപ്ലവകാരിയെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു എന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ത്യാഗത്തിൻ്റെയും പ്രതിബദ്ധതയുടെയും ഒരു നേർരേഖയിൽ കൂട്ടിമുട്ടുന്ന രണ്ടു വ്യക്തികളാണ് സി കെ ചന്ദ്രപ്പനും ഡോക്ടർ പുനലൂർ സോമരാജനും. അതുകൊണ്ടുതന്നെ ചന്ദ്രപ്പന്റെ പേരിലുള്ള ഈ സ്മൃതി പുരസ്കാരം ഡോക്ടർ സോമരാജനിലൂടെ ഗാന്ധിഭവനിൽ എത്തുമ്പോൾ അതിന് ഔചിത്യത്തിന്റെ ചമത്ക്കാരഭംഗിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾ കാണുകയോ പരിഹരിക്കുകയോ ചെയ്യാതെ പൗരാണിക പ്രശ്നങ്ങൾ കുഴിച്ചെടുത്ത് വെറുപ്പ് വിതയ്ക്കുന്നവർക്കെതിരെ സ്നേഹത്തിൻ്റെ ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും എന്നതിന് തെളിവാണ് പുനലൂർ സോമരാജനെ പോലെയുള്ളവർക്ക് കിട്ടുന്ന വലിയ ജനപിന്തുണയെന്നും ആലങ്കോട് അഭിപ്രായപ്പെട്ടു.

യുവകലാസാഹിതി ഷാർജ പ്രസിഡന്റ് അഡ്വ. സ്‌മിനു സുരേന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ , ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുരയത്ത് , ട്രഷറർ ഷാജി ജോൺ , ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി , ഗാന്ധിഭവൻ ചെയർ പേഴ്സൺ ഷാഹിദ കമാൽ, യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ , പ്രസിഡന്റ് സുഭാഷ് ദാസ് , ജോയിന്റ് സെക്രട്ടറി നമിത എന്നിവർ ആശംസകൾ അറിയിച്ചു. യുവകലാസാഹിതി ഷാർജ സെക്രട്ടറി പത്മകുമാർ സ്വാഗതം പറഞ്ഞു . 

പ്രവാസികൾ ഗാന്ധിഭവനോട് കാണിക്കുന്ന കാരുണ്യത്തിനു നന്ദിയും കടപ്പാടുമുണ്ട് എന്ന് സ്മൃതി പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് ഡോ. സോമരാജൻ പറഞ്ഞു. ജീവിതത്തിൻ്റെ വലിയ പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു വിശ്വവിദ്യാലയമാണ് ഗാന്ധിഭവൻ. ജീവിതാനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുക്കാൻ പ്രവാസികളടക്കം കുട്ടികളെ അങ്ങോട്ട് അയക്കാറുണ്ട്. 

എല്ലാവരുടെ കൈയ്യിൽ നിന്നും ഒരു രൂപ സംഭാവന സ്വീകരിച്ച് എല്ലാ ചികിത്സാ രീതികളും ഉൾപ്പെടുത്തി സൗജന്യ ചികിത്സ നൽകുന്ന ഒരു വലിയ ആരോഗ്യ സ്ഥാപനമാണ് തൻ്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
യുവകലാസാഹിതി യു എ ഇ സെക്രട്ടറി ബിജു ശങ്കർ , കോർഡിനേഷൻ അംഗം പ്രദീഷ് ചിതറ , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ , മറ്റു യൂണിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു . യൂണിറ്റ് ട്രഷറർ രഞ്ജിത്ത് സൈമൺ നന്ദി പ്രകാശിപ്പിച്ചു.

Exit mobile version