Site iconSite icon Janayugom Online

ബിജെപി നേതൃത്വത്തിനെതിരെ സി കെ പത്മനാഭന്‍

മറ്റ് പാർട്ടികൾ വിട്ട് ബിജെപിയിലെത്തുന്നവർക്ക് വലിയ പ്രധാന്യം നൽകുന്ന പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ കൗൺസിൽ അംഗം സി കെ പത്മനാഭൻ. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മാറ്റി കോൺഗ്രസ് മുക്ത ബിജെപി എന്ന കാര്യത്തിന് വേണ്ടി പോരാടേണ്ടിവരുമോ എന്ന പരിഹാസവും സി കെ പത്മനാഭൻ ഉയർത്തി. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു നേതൃത്വത്തിനെതിരെയുള്ള ഇദ്ദേഹത്തിന്റെ വിമർശനങ്ങൾ.
പഴയ പ്രവർത്തകർ നിശബ്ദരാകുന്നത് പാർട്ടിക്ക് ദോഷം ചെയ്യും. അധികാരം ഇല്ലാതിരുന്ന കാലത്ത് പാർട്ടിക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ചവരാണ് അവർ. അവർക്ക് മുകളിലാണ് മറ്റ് പാർട്ടികളിൽ നിന്ന് എല്ലാ സുഖങ്ങളും അനുഭവിച്ച ശേഷം വരുന്നവരെ പ്രതിഷ്ഠിക്കുന്നത്. 

ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. 87 മുതൽ താൻ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. പലപ്പോഴും മത്സരിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ബലി കൊടുക്കാൻ കൊണ്ടുപോവും പോലെയാണ് പലപ്പോഴും മത്സരിപ്പിക്കാറുള്ളത്. ഫണ്ട് പോലുമില്ലാത്ത പരിതാപകരമായ സാഹചര്യമായിരുന്നു അന്ന്. ഇപ്പോൾ സ്ഥാനാർത്ഥികളാവാൻ വേണ്ടി ആളുകൾ പാർട്ടിയിൽ മത്സരിക്കുകയാണ്. ഇപ്പോൾ വളർത്തിക്കൊണ്ടുവരുന്ന മുസ്ലീം വിരുദ്ധത ചില ഞരമ്പ് രോഗികൾക്ക് മാത്രമാണ് ആവേശം പകരുകയെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ കാസർകോട് മണ്ഡലം പ്രചാരണ കൺവൻഷൻ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏൽപിച്ചതിൽ സി കെ പത്മനാഭൻ പരസ്യമായി പ്രതിഷേധിച്ചിരുന്നു. 

Eng­lish Sum­ma­ry: CK Pad­man­ab­han against BJP leadership
You may also like this video

Exit mobile version