Site iconSite icon Janayugom Online

അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും

ബുധനാഴ്ച നടന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗവും ഇന്നലെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ ബജറ്റ് പ്രസംഗവും തമ്മില്‍ ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ബജറ്റ് പ്രസംഗത്തില്‍ കുറച്ച് പുതിയ പ്രഖ്യാപനങ്ങളും അടങ്ങിയിരുന്നു എന്ന വ്യത്യാസം. രണ്ടിലും പൊള്ളയായ അവകാശവാദങ്ങളാണ് നിറഞ്ഞത്. ഹിന്ദുത്വ ഭരണകൂടത്തിന്റെ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ്, ജനാധിപത്യ — മതേതര രാജ്യത്തെ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ഇടക്കാല ബജറ്റിലും രാമക്ഷേത്ര നിര്‍മ്മാണവും അതില്‍ അഭിമാനം കൊള്ളുന്നുവെന്നതും പ്രത്യേക പരാമര്‍ശ വിഷയമായത്. ഇരുപ്രസംഗങ്ങളിലും ആവര്‍ത്തിച്ചതായിരുന്നു മുഖ്യശ്രദ്ധ കേന്ദ്രീകരിക്കേണ്ട നാലു മേഖലകള്‍. നമ്മുടെ രാജ്യത്തിന്റെ ശക്തമായ തൂണുകളായി യുവശക്തി, സ്ത്രീശക്തി, കർഷകർ, ദരിദ്രർ എന്നിവരെ രാഷ്ട്രപതി വിശേഷിപ്പിച്ചപ്പോള്‍ ഈ നാല് പ്രധാന വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണെന്നും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ക്ഷേമവുമാണ് ഏറ്റവും ഉയർന്ന മുൻഗണനയെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യം സാമ്പത്തികമായി കുതിച്ചു മുന്നേറുന്നു, 10 വർഷം കൊണ്ട് രണ്ടര കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി, വിള ഇൻഷുറൻസ് പദ്ധതി ആനുകൂല്യങ്ങൾ നാലുകോടി കർഷകരിലേക്ക് എത്തുന്നു, പണപ്പെരുപ്പം കുറഞ്ഞു, നികുതി പരിഷ്‌കാരങ്ങളിലൂടെ നികുതി അടിത്തറ വിപുലമാക്കുകയും നികുതി പിരിവ് വർധിപ്പിക്കുകയും ചെയ്‌തു എന്നിങ്ങനെയുള്ള പതിവ് അവകാശവാദങ്ങള്‍ ഇരുപ്രസംഗങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്.
ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം ബോധ്യപ്പെടണമെങ്കില്‍ മുഖ്യപരിഗണനയുണ്ടെന്ന് ഇരുപ്രസംഗങ്ങളിലും പരാമര്‍ശിച്ച യുവശക്തി, സ്ത്രീശക്തി, കർഷകർ, ദരിദ്രർ എന്നീ നാലു വിഭാഗങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ മാത്രം മതിയാകും. പത്തുവര്‍ഷത്തിനിടെ ഈ വിഭാഗങ്ങള്‍ നേരിടേണ്ടിവന്ന ദുരിതങ്ങളും അവഗണനയും അതിക്രമങ്ങളും ഇതുപോലൊരു കോളത്തില്‍ ഒതുക്കാവുന്നതല്ല.


ഇതുകൂടി വായിക്കൂ;  യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞ ബജറ്റ്


2014 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കപ്പെട്ട നരേന്ദ്ര മോഡിയും ബിജെപി നേതാക്കളും രാജ്യമാകെ ഓടിനടന്ന് യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ നല്‍കുമെന്നത്. അതിന്റെ സ്ഥിതിയെന്തായി എന്ന ചോദ്യം ബിജെപിക്കാര്‍ക്ക് ഇപ്പോള്‍ പേടിസ്വപ്നമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, സ്വാഭാവികമായുണ്ടാകുന്ന അവസരങ്ങള്‍ പോലും നല്‍കുന്നതിന് സന്നദ്ധമാകുന്നുമില്ല. സൈന്യത്തിലേക്കുള്ള നിയമനം അഗ്നിപഥ് എന്ന പേരില്‍ താല്‍ക്കാലികവും കരാര്‍ അടിസ്ഥാനത്തിലുള്ളതുമായി മാറ്റുകയും ചെയ്തു. ഇന്ത്യന്‍ റെയില്‍വേയില്‍ മാത്രം പത്തുലക്ഷത്തിലധികം ഒഴിവുകളുണ്ട്. മുക്കാല്‍ ലക്ഷത്തോളമാണ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍. ഇതുകാരണം റെയില്‍ സുരക്ഷപോലും അപകടത്തിലാണ്. എന്നിട്ടും കഴിഞ്ഞ മാസം ആറായിരത്തോളം പേരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. ഇരുപ്രസംഗങ്ങളും നടത്തിയത് രണ്ട് സ്ത്രീകളായിരുന്നു എന്ന പ്രത്യേകതകൂടി വച്ചുവേണം രാജ്യത്തെ മഹിളകള്‍ എത്രത്തോളം പരിഗണിക്കപ്പെട്ടു എന്നതിന്റെ പരിശോധന നടത്തുവാന്‍. പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയിലും ഇപ്പോള്‍ ബിജെപി അഭിമാനം കൊള്ളുന്ന രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിലും രാജ്യത്തെ പ്രഥമ പൗരയായ രാഷ്ട്രപതിയെ അകറ്റിനിര്‍ത്തിയതില്‍ നിന്നുതന്നെ ബിജെപിയുടെ മഹിളാ പരിഗണന വായിച്ചെടുക്കാനാകും. ബിജെപിയുടെയും സംഘ്പരിവാറിന്റെയും ആണധികാര നിലപാടുകളും മനുസ്മൃതിയില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളുമാണ് ദളിതയും വിധവയുമായ രാഷ്ട്രപതിയെ ഇരുചടങ്ങുകളിലും പടിക്കു പുറത്തുനിര്‍ത്തിയതെന്നത് നിഷേധിക്കാനായിട്ടില്ലാത്ത യാഥാര്‍ത്ഥ്യമാണ്. മണിപ്പൂരില്‍ നഗ്നരായി പ്രദര്‍ശിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സ്ത്രീജീവിതങ്ങളെ ഓര്‍ക്കാതെ ബിജെപിയുടെ സ്ത്രീസുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ല. ബ്രിജ്ഭൂഷണ്‍ എന്ന സ്ത്രീപീഡകനായ എംപിക്കുവേണ്ടി നിലകൊള്ളുകയും എല്ലാ സംരക്ഷണവും ഒരുക്കുകയും ചെയ്ത ഭൂതകാലത്തിന് മറവിയിലേക്ക് മറയാനുള്ള പഴക്കമായിട്ടില്ല. ഇന്ത്യക്കുവേണ്ടി ലോകരാജ്യങ്ങളില്‍ ചെന്ന് അംഗീകാരങ്ങള്‍ കഴുത്തിലണിഞ്ഞ ഗുസ്തിതാരങ്ങളെ രാജ്യ തലസ്ഥാനത്തുവച്ച് വലിച്ചിഴച്ചതും അവര്‍ മെഡലുകള്‍ ഉപേക്ഷിക്കുവാന്‍ തയ്യാറായതും അധികം പഴക്കമുള്ള സ്ത്രീവിരുദ്ധ നടപടികളുമായിരുന്നില്ല. രാജ്യത്ത് ബലാത്സംഗം, ലൈംഗിക പീഡനം എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ആധിക്യവും അത്തരം കുറ്റവാളികളെ സംരക്ഷിക്കുന്ന അധികാര സമീപനങ്ങളും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ് യാഥാര്‍ത്ഥ്യമായേക്കാവുന്ന വനിതാ സംവരണബില്‍ എന്ന ഒറ്റമൂലി കൊണ്ട് റദ്ദാക്കാനാകില്ല.


ഇതുകൂടി വായിക്കൂ;  സംസ്ഥാന ബജറ്റ്: കാല്‍നൂറ്റാണ്ടിലേക്കുള്ള കുതിപ്പ്


കര്‍ഷകരുടെയും ദരിദ്രരുടെയും കാര്യത്തിലും അവകാശവാദങ്ങളല്ലാതെ വസ്തുതകളില്ല. കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനുശേഷം 2022 വരെയുള്ള കാലയളവില്‍ രാജ്യത്ത് ഓരോ ദിവസവും 30 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന കണക്ക് ബിജെപി പതിവ് പോലെ തള്ളിക്കളയുന്ന ഏതെങ്കിലും ഏജന്‍സിയുടേതല്ല, ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടേതാണ്. കര്‍ഷകവരുമാനം ഇരട്ടിയും കൃഷിയിടങ്ങള്‍ വരുമാനസ്രോതസുകളും ആയിരുന്നുവെങ്കില്‍ ഇതുപോലെ ആത്മഹത്യകള്‍ ഉണ്ടാകുമായിരുന്നില്ല. കര്‍ഷകരെ സഹായിക്കുന്നതിനായിരുന്നില്ല, കോര്‍പറേറ്റ് ചങ്ങാതിമാര്‍ക്ക് കൃഷിഭൂമികള്‍ സ്വന്തമാക്കുന്നതിനും വിപണികള്‍ കയ്യടക്കുന്നതിനും അവസരം സൃഷ്ടിക്കുന്നതിനായി കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും സമരത്തിനിറങ്ങിയതും നാം മറക്കാറായിട്ടില്ല. ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച ആ സമരത്തിന് മുന്നില്‍ നരേന്ദ്ര മോഡി മുട്ടുകുത്തിയെങ്കിലും അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നതും നമ്മുടെ നേരനുഭവമാണ്. ഇടക്കാല ബജറ്റില്‍ ഏറ്റവും കുറവ് തുക അനുവദിച്ചത് കാര്‍ഷിക മേഖലയ്ക്കാണ് (1.27ലക്ഷം കോടി) എന്നതും ശ്രദ്ധിക്കണം. ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍തന്നെയാണ് ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഓരോ വര്‍ഷവും പിറകോട്ട് പോകുന്നത് എന്ന വൈരുധ്യവുമുണ്ട്. അതേസമയംതന്നെ നോട്ട് നിരോധനം, കോവിഡ്-19 പ്രതിസന്ധി, വിലക്കയറ്റം, പണപ്പെരുപ്പം എന്നിങ്ങനെ ജനകോടികള്‍ക്ക് അനുഭവവേദ്യമായ ദുരനുഭവങ്ങളെ ബോധപൂര്‍വം മറച്ചുപിടിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത അഞ്ച് വർഷം ഇന്ത്യ അഭൂതപൂർവമായ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ട്രഷറി ബെഞ്ചിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇടതു കൈയും മറ്റുള്ളവര്‍ക്ക് വലതുകൈയുമുപയോഗിച്ച് മേശയ്ക്കടിച്ച് പ്രകീര്‍ത്തിക്കാമെന്നല്ലാതെ നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ സാമാന്യജനസമൂഹത്തിന് എന്തെങ്കിലും പ്രത്യാശ നല്‍കുന്നതേയില്ല.

Exit mobile version