കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാര്‍ ഉള്‍പ്പെടെ 300 പ്രവർത്തകർക്കെതിരെ കേസ്. ആർപിഎഫ് എസ്ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘രാജ്യം അന്ധകാരത്തിൽ’ എന്ന മുദ്രാവാക്യമുയർത്തി മാനാഞ്ചിറ എസ്കെ പ്രതിമക്ക് മുന്നിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
നൂറിലധികം പേർ പങ്കെടുത്ത മാർച്ച് റെയിൽവേ സ്റ്റേഷനു സമീപമെത്തിയതോടെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷഭാഷയില്‍ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രകടനം റെയിൽവേ സ്റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റിയും മറ്റുവഴികളിലൂടെയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനുള്ളിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്താനായതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പ്ലാറ്റ്ഫോമിന് പുറത്തേക്ക് മാറ്റിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച പരസ്യത്തിലെ നരേന്ദ്ര മോദിയുടെ ഫ്ലക്സ് പ്രവർത്തകരിലൊരാൾ വലിച്ചുകീറി. ഇദ്ദേഹത്തെ ടൗൺ അസി. കമീഷണർ പി ബിജുരാജ് പിടികൂടിയതോടെ വാക്കുതർക്കവും സംഘർഷവുമായി.
പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജ് ആരംഭിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇതിനിടെ ഒരുവിഭാഗം പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുന്നിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ഫ്ലക്സുകൾ വലിച്ച് കീറുകയും ചെയ്തു. സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ, എൻഎസ്യു.ഐ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരടക്കം പത്തുപേർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.
English Summary;Clash at Railway Station March; Case against 300 Congress workers
You may also like this video