ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മജാല്‍ട്ട പ്രദേശത്തെ സോന്‍ ഗ്രാമത്തില്‍ ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്‌ഷെ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തി വരികയായിരുന്നു.
പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ സംയുക്ത സംഘം സൈന്യത്തോടും സിആര്‍പിഎഫിനോടും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്ന് ജമ്മു പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വൈകീട്ട് ആറ് മണിയോടെയാണ് വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രാമം വളഞ്ഞു. വലയം ശക്തിപ്പെടുത്താനും ഭീകരരെ നിര്‍വീര്യമാക്കാനും കൂടുതല്‍ സൈനികരെ ഈ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

