Site iconSite icon Janayugom Online

പാകിസ്ഥാനില്‍ ടിഎല്‍പി റാലിക്കിടെ സംഘര്‍ഷം; പൊലീസുകാരനുള്‍പ്പെടെ നാല് മരണം

പാകിസ്ഥാനില്‍ തെഹ്‌രീകെ ലബ്ബൈക് പാകിസ്ഥാന്‍ (ടിഎല്‍പി) പാര്‍ട്ടിയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടിഎല്‍പി ആഹ്വാനംചെയ്ത ബഹുജന റാലിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് രൂക്ഷമായത്. തിങ്കളാഴ്ച പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒട്ടേറെ പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. സംഘര്‍ഷത്തില്‍ മൂന്ന് പ്രതിഷേധക്കാരും ഒരു പൊലീസുകാരനും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായി പഞ്ചാബ് പൊലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ സ്ഥിരീകരിച്ചു. 

യുഎസിന്റെ ഗാസ സമാധാന പദ്ധതിക്കെതിരേയും ഇസ്രയേലിനെതിരേയുമാണ് ടിഎല്‍പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്ക് ലോങ് മാര്‍ച്ചിനും ആഹ്വാനംചെയ്തു. വെള്ളിയാഴ്ച കിഴക്കന്‍ പാകിസ്ഥാനില്‍നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ടിഎല്‍പി അധ്യക്ഷന്‍ സാദ് റിസ്‌വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പൊലീസും സമരക്കാരും തമ്മില്‍ ലാഹോറില്‍ വന്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സമീപപ്രദേശമായ മുരിഡ്‌കെയില്‍ തമ്പടിച്ച് വീണ്ടും പ്രതിഷേധം ആരംഭിച്ചെന്നും ഇവിടെയും സംഘര്‍ഷം രൂക്ഷമായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിനിടെ, വെടിവയ്പില്‍ ടിഎല്‍പി നേതാവ് സാദ് റിസ്‌വിക്ക് ഉള്‍പ്പെടെ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുപുറമേ അക്രമാസക്തരായ സമരക്കാര്‍ ഒട്ടേറെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുഎസിന്റെ ഗാസ സമാധാന പദ്ധതിക്കെതിരേ ടിഎല്‍പി നടത്തുന്ന സമരത്തിന് പാകിസ്ഥാനില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഗാസയിലെ സംഘര്‍ഷം അവസാനിച്ചവേളയില്‍ ടിഎല്‍പി ഇത്തരമൊരു സമരം നടത്തുന്നതിനെ ഒരുവിഭാഗം രൂക്ഷമായി വിമര്‍ശിക്കുന്നു.

Exit mobile version