Site iconSite icon Janayugom Online

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. വെടിവയ്പില്‍ പ്രദേശവാസിയായ ഏഴുവയസുകാരിക്ക് പരിക്കേറ്റു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ത്യ‑പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഹിരാനഗര്‍ സെക്ടറില്‍ വരുന്ന സന്യാല്‍ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഹിരാനഗറില്‍ വെടിവയ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. രണ്ട്-അഞ്ച് ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് കരുതുന്നത്. 

ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ്, സെെന്യം എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. പ്രദേശവാസികൾ ആയുധധാരികളെ കണ്ടതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു, കൂടുതൽ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് സെെന്യം അറിയിച്ചു. ജമ്മുകശ്മീരിലെ ദോഡയില്‍ ഇന്നലെ നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി നശിപ്പിച്ചിരുന്നു. ഭാദേര്‍വയിലെ ഭര്‍റ വനമേഖലയില്‍ പൊലീസും സെെന്യവും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. 

ഒരു പിസ്റ്റള്‍, എകെ അസോള്‍ട്ട് റൈഫിള്‍ എന്നിവ ഉള്‍പ്പെടയുള്ള ആയുധങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ തെരച്ചില്‍ നടത്തിയത്. എന്നാല്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അടുത്തിടെ കശ്മീരില്‍ നുഴഞ്ഞുകയറ്റങ്ങള്‍ വര്‍ധിക്കുകയാണ്. ഈ മാസം 17ന് കുപുവാര ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാകിസ്ഥാനി കൊല്ലപ്പെട്ടിരുന്നു. കത്വയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 14 കാരന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. 

Exit mobile version