ജമ്മു കശ്മീരിലെ പൂഞ്ചിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ വധിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവർക്ക് ഭീകര സംഘടനയായ ലശ്കറെ തയ്യിബയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പൂഞ്ചിൽ സംശകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും രണ്ടുപേരെ നിരീക്ഷിച്ചുവരികയാണെന്നും ബുധനാഴ്ച പുലർച്ചെ കരസേനയുടെ വൈറ്റ്നൈറ്റ് കോർപ്സ് എക്സിൽ പോസ്റ്റ് ചെയ്തു. നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചെന്ന് ജമ്മു കശ്മീർ ഡി.ജി.പി നളിൻ പ്രഭാത് വ്യക്തമാക്കി. ഞായറാഴ്ച ശ്രീനഗറിനു സമീപം ലിദ്വാസിൽ ‘ഓപറേഷൻ മഹാദേവി’ലൂടെയാണ് പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കൊല്ലപ്പെട്ടവർ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു.

