മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ തിങ്കളാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കട്രംഗട്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായതെന്ന് പോലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു.
ഗഡ്‌ചിറോളി പൊലീസിന്റെ സ്പെഷ്യലൈസ്ഡ് കോംബാറ്റ് വിംഗായ സി-60 കമാൻഡോകളുടെ രണ്ട് യൂണിറ്റുകളെ ഉടൻ തന്നെ പ്രദേശത്ത് തെരച്ചിലിനായി വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു. സംഘങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
ഏറ്റുമുട്ടലിനുശേഷം, ഒരു പുരുഷന്റെയും രണ്ട് സ്ത്രീ മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഇവരിൽ ഒരാള്‍ പെരിമിലി ദളത് എന്ന മാവോയിസ്റ്റ് സംഘത്തിന്റെ ചുമതലക്കാരനും കമാൻഡറുമായ വാസു ആണെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു എകെ 47 റൈഫിൾ, ഒരു കാർബൈൻ, ഒരു ഇൻസാസ് റൈഫിൾ, മാവോയിസ്റ്റ് സാഹിത്യങ്ങൾ, വസ്തുക്കൾ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.പ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
English Summary: Clash with Police in Maharashtra; Three Maoists were ki lled
You may also like this video