ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മുസ്‌ലിം പള്ളിയില്‍ സര്‍വേനടപടികള്‍ക്കിടെ സംഘര്‍ഷം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍വേനടപടികള്‍ക്കും ശൃംഗര്‍ ഗൗരി ക്ഷേത്രം പരിശോധിക്കുന്നതിനുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
അഡ്വക്കറ്റ് കമ്മിഷണര്‍ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘടമാണ് കാശിവിശ്വനാഥ് ക്ഷേത്രത്തിനു സമീപമുള്ള പള്ളിയില്‍ സര്‍വേക്കായി എത്തിയത്. ഇതോടെ പള്ളി കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പള്ളി ഭാരവാഹികള്‍ സംഘത്തെ തടഞ്ഞതോടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി.
കോടതി ഉത്തരവിടാതെ പലകാര്യങ്ങളും സ്ഥാപിക്കപ്പെടുകയാണെന്നാണ് ഗ്യാന്‍വാപി പള്ളിയുടെ മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇന്‍സാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ് യാദവ് പറഞ്ഞു.
സര്‍വേ സംഘം പള്ളി പരിസരത്ത് എത്തിയതോടെ ഹിന്ദു വിഭാഗത്തിലുള്ള കുറച്ചുപേര്‍ ഹര ഹര മഹാദേവ് വിളികളുമായി രംഗത്തെത്തി. ഇതോടെ എതിര്‍പക്ഷത്തുള്ളവര്‍ അള്ളാഹു അക്ബര്‍ വിളിക്കാനാരംഭിച്ചു. ഇത് വലിയ വാക്കേറ്റത്തില്‍ കലാശിച്ചു.
കഴിഞ്ഞ മാസം 26നാണ് ഗ്യാൻവാപി പള്ളിയിൽ വിശദമായ സർവേ നടത്തി മേയ് പത്തിന് അടുത്തവാദം കേള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണസി കോടതി ഉത്തരവിട്ടത്. പള്ളി പരിസരത്ത് സര്‍വേ നടത്തി വീഡിയോ പകര്‍ത്താനും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്റെ മേൽനോട്ടം വഹിക്കാനായി അജയ് കുമാർ മിശ്രയെ അഡ്വക്കറ്റ് കമ്മിഷണറായും നിയമിച്ചു.
പള്ളിയുടെ കോമ്പൗണ്ടിൽ പ്രാർത്ഥനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി സ്വദേശി രാഖി സിങ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
മുഗൾ ഭരണാധികാരി ഔറംഗസേബ് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിച്ച വാരണസി കോടതി നേരത്തെ പള്ളിയുടെ പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയ്ക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്നീട് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
English summary;Clashes at Gyanwapi mosque
You may also like this video;