Site iconSite icon Janayugom Online

ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭികരരെ വധിച്ചു. ജമ്മുവിലെ ബരാമുള്ളയിലും കിഷ്ത്വാറിലുമാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരുടെ ഡ്രോണ്‍ ദൃശ്യങ്ങളും പുറത്തുവന്നു. ഇവരുടെ കൈയില്‍നിന്നും തോക്കുകള്‍ ഉള്‍പ്പടെ കണ്ടെടുത്തി. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. 

പിങ്ഗ്‌നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണു പ്രദേശത്ത് ഭീകരാക്രമണം പതിവാകുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് കശ്മീരില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദോഡയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. 

Exit mobile version