Site iconSite icon Janayugom Online

ഹനുമാന്‍ ജയന്തി റാലിക്കിടെയുണ്ടായ സംഘര്‍ഷം: 23 പേരെ അറസ്റ്റുചെയ്തു

Delhi RiotsDelhi Riots

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റുചെയ്തു. ഇവരില്‍ എട്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അറസ്റ്റിലായവരില്‍ ഇരു സമുദായത്തില്‍പ്പെട്ടവരുമുണ്ട്. കുറ്റക്കാരെന്ന് കണ്ടാല്‍ ജാതിമത വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

അറസ്റ്റിലായവരില്‍ നിന്ന് അഞ്ച് തോക്കുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. ഇവരെ ഇതിനകം തന്നെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഡല്‍ഹി പൊലീസ് എസ്ഐ മേദാലാല്‍ മീണയെ വെടിവച്ച അസ്‌ലാമും ഉള്‍പ്പെടുന്നു. ഇയാളില്‍ നിന്ന് നാടന്‍ തോക്ക് പിടിച്ചെടുത്തു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിരിക്കുകയാണ്. 14 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നാല് ഫോറന്‍സിക് സംഘങ്ങള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി സാമ്പിള്‍ ശേഖരിച്ചുകഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ കര്‍ശനമായി പരിശോധിച്ചുവരികയാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, പ്രദേശത്ത് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ വീണ്ടും കല്ലേറുണ്ടായി. ഒളിവില്‍ കഴിയുന്ന പ്രതിയായ സോനു ചിക്‌നയെ പിടികൂടാനാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ സംഘര്‍ഷത്തിനിടെ വെടിവയ്പ് നടത്തിയവരില്‍ ഒരാളാണ്. ഇയാളുടെ ബന്ധുക്കളും അയല്‍ക്കാരുമാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തില്‍ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Clash­es erupt dur­ing Hanu­man Jayan­ti ral­ly: 23 arrested

You may like this video also

Exit mobile version