Site iconSite icon Janayugom Online

കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. ബാരിക്കേഡ് മറിച്ചിടുകയും പ്രവര്‍ത്തകന്‍ പൊലീസുകാരെ ആക്രമിക്കാന്‍ തുനിയുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത്.

മാര്‍ച്ചില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

രാജ് ഭവന് മുന്നില്‍ മാര്‍ച്ച് തടയാന്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. ഒരു ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പൊലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഇതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കിയും തുടര്‍ന്ന് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

Eng­lish sum­ma­ry; Clash­es in Con­gress march to Raj Bhavan

You may also like this video;

Exit mobile version