Site icon Janayugom Online

ഡൽഹിയിൽ ഏറ്റുമുട്ടൽ: നിരവധി പേർക്ക് പരിക്ക്

ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ഡൽഹിയിലെ ജഹാംഗീർപുരിയിൽ രണ്ട് വിഭാഗങ്ങളിൽ പെട്ടവർ ഏറ്റുമുട്ടി. സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജഹാംഗീർപുരിയിലെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങൾ അക്രമികൾ നശിപ്പിച്ചു.

സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പൊലീസുകാരെയും ആക്രമിച്ചതായാണ് വിവരം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. “സമാധാനം ഉണ്ടാക്കാതെ രാജ്യത്തിന് പുരോഗതിയില്ല, എല്ലാ ജനങ്ങളും സമാധാനം പാലിക്കണം. ക്രമസമാധാനം സംരക്ഷിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ” അദ്ദേഹം പറഞ്ഞു.

അതേസമയം, കല്ലേറുണ്ടായത് ഭീകരാക്രമണമാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര പറഞ്ഞു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സമാധാനം തകർക്കുന്ന അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന പറഞ്ഞു. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പൊലീസിനൊപ്പം 200 ഓളം ദ്രുതകർമ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Clash­es in Del­hi: Sev­er­al injured

You may also like this video;

Exit mobile version