Site iconSite icon Janayugom Online

ഡല്‍ഹിയില്‍ കൂട്ടത്തല്ല്

delhidelhi

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി-എഎപി അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെയാണ് ഒരിക്കല്‍കൂടി ജനാധിപത്യത്തിന് കളങ്കമായി നാടകീയരംഗങ്ങളും സംഘര്‍ഷവും അരങ്ങേറിയത്.
അംഗങ്ങള്‍ പരസ്പരം ചെരിപ്പുകൊണ്ട് അടിക്കുകയും മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മര്‍ദനത്തിനിടെ ചിലര്‍ ബോധരഹിതരായി വീണു. മേയര്‍ ഷെല്ലി ഒബ്റോയിക്കും മര്‍ദനമേറ്റു. ബുധനാഴ്ച നടന്ന മേയർ തെരഞ്ഞെടുപ്പിന് പിന്നാലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനെച്ചൊല്ലി എഎപി-ബിജെപി സംഘര്‍ഷമുണ്ടായി. ഇതോടെയാണ് തെരഞ്ഞെടുപ്പ് ഇന്നലത്തേക്ക് മാറ്റിയത്. ആറ് അംഗ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ഏഴ് പേരാണ് മത്സരരംഗത്തുള്ളത്.
രാവിലെ 10 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന സമ്മേളനം മേയർ ഷെല്ലി ഒബ്‌റോയിയും എഎപി കൗൺസിലർമാരും കൃത്യസമയത്ത് എത്താത്തതിനെത്തുടർന്ന് വൈകിയാണ് ആരംഭിച്ചത്. 11 മണിക്ക് ശേഷമാണ് വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചത്. 250 കൗൺസിലർമാരിൽ 242 പേരും വോട്ട് രേഖപ്പെടുത്തിയതായി ഷെല്ലി ഒബ്റോയ് അറിയിച്ചു. 

കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. എഎപിയിൽ നിന്ന് പാർട്ടി മാറി ബിജെപിയിലേക്ക് ചേർന്ന പവൻ സെഹ്‌രാവത്തും വോട്ട് രേഖപ്പെടുത്തി. തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വോട്ടെടുപ്പ് സമയത്ത് ഫോണുകൾ അനുവദിച്ചിരുന്നില്ല.
ഒരു വോട്ട് അസാധുവായത് മേയര്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മേശപ്പുറത്ത് കയറിയായിരുന്ന് മുദ്രാവാക്യം വിളിച്ച ബിജെപി കൗണ്‍സിലര്‍മാരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എഎപി കൗണ്‍സിലര്‍മാര്‍ പ്രതിരോധിച്ചു. ബാലറ്റ് പേപ്പറുകള്‍ പരസ്പരം തട്ടിപ്പറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ഒരു വനിതാ കൗണ്‍സിലറെ അക്രമത്തിനിടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ബിജെപി അംഗങ്ങള്‍ മേയറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് എഎപി ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയായി വോട്ടെണ്ണുന്നതിന് മുമ്പ് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്നലത്തെ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി. തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്ന് മേയര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: clash­es in Delhi

You may also like this video

Exit mobile version