പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ മണിപ്പൂരിലെ ചുരചന്ദാപൂരിൽ സംഘർഷം. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മോദിയെ സ്വീകരിക്കാനായി കെട്ടിയ കൊടിതോരണങ്ങൾ ഒരു വിഭാഗം നശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്ടർ ഇറങ്ങുന്ന ചുരചന്ദാപൂരിലെ ബി.എസ്.എഫ് കേന്ദ്രത്തിന് സമീപമാണ് സംഘർഷമുണ്ടായത്.
മോദിയെ സ്വീകരിക്കാനായി വിവിധ നിറങ്ങളിലുള്ള കൊടികളും മുളകളുമെല്ലാം വഴിയരികിൽ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകളെത്തി ഇതെല്ലാം അഗ്നിക്കിരയാക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്ന് മണിപ്പൂർ പൊലീസ് മേധാവി പറഞ്ഞു. പൊലീസ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, അസം റൈഫിൾസ് എന്നീ സേനാവിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

