Site iconSite icon Janayugom Online

തലയെടുപ്പോടെ ഇന്ത്യന്‍ ഫുട്‌ബോള്‍; ഗ്യാലറിയിലും സമൂഹമാധ്യമങ്ങളിലും കയ്യടിനേടി

ക്രിക്കറ്റിന്റെ പണക്കൊഴുപ്പിനും താരപ്പൊലിമയ്ക്കും മുന്നില്‍ തളര്‍ന്നു വീണ ഇന്ത്യന്‍ ഫുട്‌ബോള്‍ അതിന്റെ മേല്‍വിലാസം വീണ്ടെടുക്കാനുള്ള രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണെന്നതിനെ അടയാളപ്പെടുത്തുകയാണ് ഇന്ത്യന്‍ ടീമിന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍. അടുത്ത കാലം വരെ കാണാത്ത തരത്തിലുള്ള ആവേശവും പിന്തുണയും ടീമിന് ഫേസ്ബുക്കിലും യൂട്യൂബിലും ലഭിച്ചുകൊണ്ടിരിക്കയാണ്. ടീമിന്റെ ഫേ­സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ 100 അല്ലെങ്കില്‍ 1,000 ലൈക്കും ഏതാനും ഷെയറുകളും മാത്രം കിട്ടിയിരുന്നിടത്ത് വലിയ കുതിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രകടമാകുന്നത്. ഗ്യാലറിയില്‍ നിറയുന്ന കാണികളുടെ ആവേശം പോലെതന്നെ സമൂഹമാധ്യമവും ടീമിനുവേണ്ടി കയ്യടിക്കുകയാണെന്ന് വ്യക്തമാകുന്ന കണക്കുകളാണ് ലഭിക്കുന്നത്. 

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ നേടിയ വിജയത്തിനു പിന്നാലെ സാഫിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചത് ആരാധകരെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചിരിക്കുന്നത്. ഭുവനേശ്വറില്‍ ഗ്യാലറിയില്‍ പ്രകടമായ കാണികളുടെ തിക്കും തിരക്കും ഇപ്പോള്‍ ബംഗളൂരുവിലും ദൃശ്യമാണ്. സാധാരണയായി കേരളത്തിലും ബംഗാളിലും മാത്രം ഒതുങ്ങിയ ഫുട്‌ബോള്‍ ആവേശം പുതിയ തലത്തിലേക്കുയരുന്നതിന്റെ സൂചനകളാണ് ഇന്റര്‍ കോണ്ടിനെന്റലും സാഫും നല്‍കുന്നത്. ഒരു പരിധിവരെ ഐഎസ്എല്‍ തന്നെയാണ് പുതുതലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുള്ളത്. ഐഎസ്എല്‍ മത്സരം കാണാന്‍ ക്ലബ്ബുകള്‍ ഫാന്‍സിനെ ഗ്യാലറിയിലും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും എത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. 

കേരള ബ്ലാസ്റ്റേഴ്‌സ് പോലുള്ളവര്‍ വലിയ ക്യാമ്പയിനിലൂടെ പതിനായിരക്കണക്കാരാധകരെയാണ് മഞ്ഞപ്പട എന്ന പേരില്‍ ടീമിനൊപ്പം എത്തിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി രാജ്യത്തിനു വേണ്ടി ആര്‍പ്പുവിളിക്കാന്‍ ഗ്യാലറി ജനനിബിഢമാകുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. സ­മൂ­ഹ­മാധ്യമങ്ങളില്‍ കാണുന്ന പിന്‍തുണയും ഇതിന്റെ സൂചനയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സാഫ് കപ്പ് സെമിഫൈനലില്‍ ലെബനനെ തകര്‍ത്ത് സുനില്‍ ഛേത്രിയും സംഘവും ഫൈനലിലേക്ക് മുന്നേറിയ മത്സരത്തിന്റെ ഹൈലൈറ്റ് ആദ്യത്തെ അഞ്ച് മിനിറ്റില്‍ ആ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടത് 916 തവണയാണ്. ഒന്നര മണിക്കൂറില്‍ അത് 3000 പിന്നിട്ടു. മുന്‍കാലങ്ങളില്‍ ഏറ്റവും ദുര്‍ബലരില്‍ നിന്നുപോലും തോല്‍വി പിണഞ്ഞ് നാണം കെട്ടിരുന്ന ഇന്ത്യന്‍ ടീമിപ്പോള്‍ ജയം ശീലമാക്കിയവരിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ആ മുന്നേറ്റത്തിനൊപ്പം ആരാധകരും ചേരുകയാണ്. ഇന്ത്യയുടെ ട്വിറ്റര്‍ പേജിലും ഫോളോവേഴ്സിന്റെ എണ്ണം വളരെകൂടി. നിലവില്‍ ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്. 

ഫുട്ബോളിന് ഏറെ വേരുകളില്ലാത്ത ഒഡിഷയില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കാണാന്‍ ഗ്യാലറികളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പൊതുവേ ഫു­ട്ബോളിനെ രണ്ടാംതരം ഗെയിമാക്കി കണക്കാക്കിയിരുന്ന ബംഗളൂരു നഗരം ഇന്ന് ഇന്ത്യന്‍ ഫുട്ബോളിന്റെ തൊട്ടിലാണ്. സാഫ് മത്സരങ്ങള്‍ കാണാന്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ഗ്യാലറിയിലേ­ക്കൊഴുകിയ ആയിരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ജനകീയമാകുന്നത് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ ഫുട്ബോളില്‍ വലിയൊരു മാറ്റം നടക്കുകയാണെന്ന് നിസംശയം പറയാന്‍ കഴിയുന്നതിനും അടിസ്ഥാനമാണ് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയവും സാഫ് കിരീടനേട്ടവും.

നമ്മുടെ മുന്‍തലമുറകള്‍ സ്വപ്നം കണ്ടതുപോലെ ഫുട്ബോളിലെ വലിയൊരു ശക്തിയായി ഇന്ത്യ മാറുന്ന കാലം അതിവിദൂരമല്ല. ദേശീയ ടീമിലേക്ക് യുവരക്തങ്ങള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു എന്നത് രാജ്യത്തെ കുട്ടികളില്‍ പടരുന്ന ഫുട്‌ബോ­ള്‍ ജ്വരത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്. ദേശീയ ടീം ഫുട്ബോ­ള്‍ ടൂര്‍ണമെന്റുകള്‍ കളിക്കുന്നതിന് മുമ്പ് കൊല്‍ക്കത്തയിലും കേരളത്തിലും ഒഴിച്ചാല്‍ വലിയ വാര്‍ത്തയല്ലായിരുന്നു. എന്നാലിപ്പോള്‍ ക്രിക്കറ്റ് താരങ്ങളെ പോലും ആരാധകരായി ഗ്യാലറിയിലെത്തിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നു. ഈ ഗതിമാറ്റത്തിന്റെ ചാലകഘടകം ഐഎസ്എല്ലാണെന്നതില്‍ തര്‍ക്കമില്ല. ശരാശരി ലീഗില്‍ പന്തുതട്ടി പാതി പ്രെഫൊഷണലിസത്തില്‍ മാത്രം മുന്നോട്ടു പോയിരുന്ന രാജ്യത്തെ ഫുട്ബോളിന് പുതിയ സങ്കേതങ്ങള്‍ കാണിച്ചു കൊടുത്തത് ഐഎസ്എല്ലാണ്.

കളിക്കാരെ അമേച്വറിസത്തില്‍ നിന്നും പ്രെഫഷണലിസത്തിലേക്ക് എത്തിക്കാന്‍ ഐഎസ്എല്ലിനായി. മികച്ച വിദേശ താരങ്ങള്‍ക്കൊപ്പം പന്തുതട്ടാനും അവരില്‍ നിന്നും കൂടുതല്‍ അറിവു നേടാനും കളിക്കാര്‍ക്ക് സാധിച്ചു. വിദേശ കോച്ചുമാരുടെ കളിശൈലിയും രീതികളും ഗുരുകുല വിദ്യാഭ്യാസത്തിലെന്ന പോലെ ഒരു വര്‍ഷത്തിന്റെ സിംഹഭാഗവും ഒപ്പം നിന്ന് പഠിച്ചെടുക്കാന്‍ നമ്മുടെ താരങ്ങള്‍ക്കായി. അതിലൊക്കെയപ്പുറം ഫുട്ബോള്‍ കളിച്ചു നടന്നാല്‍ ജീവിതം നശിച്ചു പോകില്ലെന്ന് നമ്മുടെയൊക്കെ മാതാപിതാക്കളെ മനസിലാക്കിക്കാനും ഐഎസ്എല്ലിനായി.

ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടം മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. സൂ­പ്പര്‍കപ്പും ഐഎസ്എല്ലും ഐ ലീഗും കൂടുതല്‍ മികവിലേക്കുയരുമ്പോള്‍ അത്രത്തോളം തന്നെ ഇന്ത്യന്‍ ഫുട്‌ബോളും വളരുമെന്നതാണ് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്.ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ ഇന്ത്യയുടെ ഫുട്‌ബോളര്‍മാരും ജനഹൃദയങ്ങളില്‍ താരപ്പൊലിമയോടെ വിരാജിച്ചു തുടങ്ങിയിരിക്കുന്നു. സുനില്‍ ഛേത്രിയും ജിങ്കാനും സഹലുമൊക്കെ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ കുട്ടികളുടെ മനസുകളിലും കുപ്പായങ്ങളിലും ഇടം നേടിതുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം മുതല്‍ കൂടുതല്‍ വലിയ ദൈര്‍ഘ്യമേറിയ ഐഎസ്എല്‍, ഐലീഗ് സീസണുകള്‍ക്കാണ് അരങ്ങൊരുങ്ങുന്നു എന്നത് നമ്മുടെ ഫുട്‌ബോള്‍ കുതിപ്പിന് കരുത്തേകുക തന്നെ ചെയ്യും.

ENGLISH SUMMARY:Clashes in the gallery and social media
You may also like this video

Exit mobile version