Site iconSite icon Janayugom Online

സമസ്തയുടെ വെട്ടും തരൂരിന്റെ കുത്തും; കലങ്ങി മറിഞ്ഞ് ലീഗ് രാഷ്ട്രീയം

leagueleague

തട്ടം വിവാദത്തിൽ സമസ്തയുമായി കൊമ്പുകോര്‍ത്ത മുസ്ലിംലീഗിന് ശശി തരൂര്‍ വക വീണ്ടും പ്രഹരം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയാണ് ലീഗിന് കൂനിന്‍മേല്‍ കുരുവായത്. ഹമാസിനെതിരെയുള്ള തരൂരിന്റെ പരാമര്‍ശം ലീഗിനെ തീര്‍ത്തും വെട്ടിലാക്കുകയായിരുന്നു.
ഒക്ടോബർ ഏഴാം തീയതി ഹമാസ് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു തരൂരിന്റെ അഭിപ്രായം. ഹമാസ് 1,400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന് മറുപടിയായി ഇസ്രയേൽ ഗാസയിൽ ബോംബാക്രമണം നടത്തി 6,000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് ഇപ്പോഴും തുടരുകയാണ് എന്നിങ്ങനെയായിരുന്നു ശശി തരൂരിന്റെ പ്രസംഗം.
ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ലോകത്തുതന്നെ നടത്തുന്ന ഏറ്റവും വലിയ പ്രതിഷേധമെന്ന് പ്രഖ്യാപിച്ചാണ് മുസ്ലിംലീഗ് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു റാലി നടത്തിയത്. സമസ്തയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കെ റാലിയിലെ പങ്കാളിത്തം അവര്‍ക്കുകൂടിയുള്ള മറുപടിയാകണം എന്ന തരത്തില്‍ വ്യാപകമായി പ്രചാരണവും നടത്തിയിരുന്നു. തരൂരിന്റെ പ്രസംഗം ലീഗ് അണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. പലരും റാലിയില്‍വച്ചുതന്നെ പ്രതിഷേധിക്കുകയും ചെയ്തു. 

തുടര്‍ന്ന് സംസാരിച്ച ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി എംപിയും എം കെ മുനീർ എംഎൽഎയും തരൂരിന്റെ പരാമർശം തള്ളി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനിയും പ്രതിരോധം ഭീകരവാദമല്ലെന്ന് എം കെ മുനീറും വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കുന്ന ശശി തരൂരിനെ ഭാവി മുഖ്യമന്ത്രിയെന്ന് ഉയര്‍ത്തിക്കാട്ടിയാണ് ലീഗ് അവരുടെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്. തരൂരിന് ലീഗ് അമിതപ്രാധാന്യം നല്‍കുകയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെതന്നെ പരാതിയുണ്ട്. ശശി തരൂരിന്റെ പ്രസംഗത്തോടെ ലീഗ് നേതൃത്വത്തിലെ ഒരുവിഭാഗം അദ്ദേഹത്തെ കയ്യൊഴിയുകയുമാണ്. 

തരൂരിന്റെ പ്രസംഗത്തിനെതിരെ ലീഗിനകത്ത് നിന്നും വിവിധ മുസ്ലിം സംഘടനകളിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്. എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ അടക്കമുള്ളവർ പ്രസംഗത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ശശി തരൂരിന് പിന്തുണയുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പ്രസംഗത്തിലെ വാക്കുകൾ വക്രീകരിക്കേണ്ടതില്ലെന്നും വാക്കുകൾക്കുള്ളിലെ കുത്തും പുള്ളിയും കണ്ടുപിടിച്ച് കുറ്റം പറയുന്നവർ റാലിയുടെ ഉദ്ദേശ്യത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ശശി തരൂരും രംഗത്തെത്തി. താനെന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂർ വ്യക്തമാക്കി. 

പാളിയത് തരൂരിനെ നേതൃത്വമേല്പിക്കാനുള്ള തന്ത്രം 

കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പുനേതാക്കളെയെല്ലാം ഒതുക്കി ശശി തരൂരിനെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃസ്ഥാനത്ത് എത്തിക്കുക എന്ന ലീഗിന്റെ തന്ത്രമാണ് കോഴിക്കോട് കടപ്പുറത്തെ റാലിയോടെ പാളിയത്. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തരൂരിനെ ഉയർത്തിക്കാട്ടിയിതിൽ തങ്ങൾ പിന്തുണയ്ക്കുമെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു.
പാണക്കാടും ലീഗ് ശക്തികേന്ദ്രങ്ങളിലുമെത്തിയ തരൂരിന് വലിയ സ്വീകരണമാണ് നേതാക്കളും പാണക്കാട് കുടുംബവും നൽകിയത്. ഒട്ടേറെ സാമുദായിക സംഘടനകളും തരൂരിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഇത് കേരളത്തിലെ കോണ്‍ഗ്രസ് തേതൃത്വത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ക്കാണ് കാരണമായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുള്‍പ്പെടെ നിരവധി നേതാക്കൾ ശശി തരൂരിനെതിരെ പരസ്യനിലപാടും സ്വീകരിച്ചു. 

You may also like this video

Exit mobile version