Site iconSite icon Janayugom Online

എഎപിയില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തമ്മിലടി; പ്രസ് ക്ലബ്ബിന് മുന്നില്‍ സംഘര്‍ഷം

മറ്റെല്ലാ പാര്‍ട്ടികളെും പോലെ തന്നെയാണ് തങ്ങളെന്ന് ആം ആദ്മി പാര്‍ട്ടി തെളിയിക്കുന്നു. തെരഞ്ഞെടുപ്പ് ആസന്നമായ പഞ്ചാബില്‍ മാധ്യമ പ്രര്‍ത്തകര്‍ക്കു മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ജലന്ധര്‍ പ്രസ് ക്ലബ്ബിന് മുന്നിലാണ് സീറ്റുകളെ ചൊല്ലി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ നേതാക്കള്‍ക്ക് പ്രവേശനം നല്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ ചുമതലക്കാരന്‍ രാഘവ് ചദ്ധ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു തമ്മിലടി. 

വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരവധി പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബിന് പുറത്ത് തമ്പടിച്ചിരുന്നു. തുടര്‍ന്ന് രാഘവിനെ അകത്തു കടത്താതെ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം മറ്റൊരു കാറില്‍ കൂടുതല്‍ പ്രവര്‍ത്തകരുമായി തിരികെയെത്തി വാര്‍ത്താ സമ്മേളനം നടത്തി. പത്തു മിനിട്ടോളം നീണ്ട സമ്മേളനത്തിനുശേഷം പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ അകത്തുകയറുകയും ഇരുവിഭാഗവും പരപ്സരം അടികൂടുകയുമായിരുന്നു. പ്രവര്‍ത്തകരും ഡോ. ശിവദയാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും രാഘവിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അകത്തും പുറത്തും സംഘര്‍ഷമുണ്ടായി. രാഘവ് ചദ്ധ കള്ളനാണെന്നുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എഎപി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചവരും കിട്ടാത്തവരും അനുയായികളുമായെത്തി പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. 

ENGLISH SUMMARY:Clashes over can­di­da­cy in AAP; Con­flict in front of the Press Club
You may also like this video

Exit mobile version