Site iconSite icon Janayugom Online

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടി

CongressCongress

ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാകുന്നു. ചർച്ചകൾക്കായി സംസ്ഥാനത്തെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗെലിന്റെ കാർ പ്രവര്‍ത്തകര്‍ തടഞ്ഞു. തര്‍ക്കവും ഭിന്നതയും നടക്കുന്നതിനിടെ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് നടപ്പാക്കുമോ എന്നഭീതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

പിസിസി അധ്യക്ഷയും എംപിയുമായ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒബ്രോയ് സിസലിൽ വെച്ച് കാർ തടഞ്ഞത്. ഭാഗെലിന്റെ വാഹനത്തിന് ചുറ്റും പ്രതിഭ സിങ്ങിനെ പിന്തുണച്ച് മു​ദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത് അന്തരിച്ച നേതാവും മുൻമുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന്റെ ഭാര്യയായ പ്രതിഭയായിരുന്നു. പാർട്ടിയിൽ ഗ്രൂപ്പിസമില്ലെന്നും എല്ലാവരും തനിക്കൊപ്പമാണെന്നും വിജയാഘോഷത്തിനിടെ പ്രതിഭ പറഞ്ഞിരുന്നു. ഇത് മുഖ്യമ​ന്ത്രി സ്ഥാനത്തിനുള്ള അവകാശവാദമായാണ് വിലയിരുത്തപ്പെടുന്നത്. 

മുൻ പിസിസി അധ്യക്ഷൻ സുഖ്‍വിന്ദർ സുഖു, മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരും മുഖ്യമന്ത്രിക്കസേരയിൽ കണ്ണുനട്ടിരിക്കുകയാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡും മുഖ്യമന്ത്രി പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഭാഗീയതയ്‌ക്കെതിരെ പോരാടിയ പാര്‍ട്ടിയെ ഒന്നിപ്പിച്ചത് താനാണെന്ന് കുല്‍ദീപ് അവകാശപ്പെടുന്നു. ഹര്‍ഷവര്‍ധന്‍ ചൗഹാനാണ് മറ്റൊരാള്‍. കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ളയാളുമായ രാജേഷ് ധര്‍മാനിയുടെതാണ് മറ്റൊരു പേര്.

പ്രതിഭാ സിങ്, സുഖ്‍വിന്ദർ സുഖു, മുകേഷ് അഗ്നിഹോത്രി തുടങ്ങിയ പേരുകള്‍ക്കാണ് മുന്‍തൂക്കം. മൂന്ന് നേതാക്കളും സംസ്ഥാനത്ത് സജീവ സാന്നിധ്യം അറിയിച്ചവരാണ്. നിലവിലെ പിസിസി അധ്യക്ഷയെന്ന നിലയിൽ തെരഞ്ഞെടുപ്പ് നയിച്ചുവെന്ന പരിഗണന തനിക്ക് ലഭിക്കുമെന്നാണ് പ്രതിഭയുടെ പ്രതീക്ഷ. മൂന്ന് തവണ എംഎൽഎയായ വ്യക്തിയാണ് സുഖ് വിന്ദർ സിങ് സുഖു. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയും ഇദ്ദേഹത്തിനെന്നാണ് സൂചന. നാല് തവണ എംഎൽഎ പദത്തിലെത്തിയ വ്യക്തിയാണ് നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയായ മുകേഷ് അഗ്നിഹോത്രി. 

സംസ്ഥാനത്തെ പ്രബലമായ രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖ്‍വീന്ദ‌ർ സിങ് സുഖുവിന് കൂടുതല്‍ എംഎൽഎമാരുടെ പിന്തുണയുണ്ട്. ഇതിനിടെയാണ് പ്രതിഭാ സിങ് അവകാശമുന്നയിച്ചത്. വീരഭദ്ര സിങ്ങിന്റെ പേരും ചിത്രവും പ്രവർത്തനങ്ങളും ഉപയോഗിച്ചാണ് പാർട്ടി വിജയിച്ചത്. അദ്ദേഹത്തിന്റെ പേരിൽ വിജയിച്ച ശേഷം, ക്രെഡിറ്റ് മറ്റാർക്കെങ്കിലും നൽകാനാകില്ലെന്നാണ് പ്രതിഭ പറയുന്നത്. എന്നാല്‍ ബിജെപിയിൽ നിന്നും പിടിച്ചെടുത്ത മണ്ഡി ലോക്‍സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയായ പ്രതിഭയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തൊൻ എംപിസ്ഥാനം രാജിവയ്ക്കണം. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നി‌ർണായകമാകും. മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ട്. 

Eng­lish Sum­ma­ry: Clash­es with the Con­gress for the post of Chief Minister

You may also like this video

Exit mobile version