Site iconSite icon Janayugom Online

ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ്

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ്. ആര്യൻ ഖാൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ പുതിയ കുറ്റപത്രം ഇന്ന് എൻസിബി കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിൽ ആര്യൻ ഖാന്റെ പേരില്ല. ആര്യൻ ഖാനൊപ്പം മറ്റ് അഞ്ച് പേർക്കും തെളിവുകളുടെ അഭാവത്തിൽ എൻസിബി ക്ലീൻ ചിറ്റ് നൽകി.

ഒക്ടോബർ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യനുൾപ്പെടെ 20 പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലിൽ നിന്നു കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തിരുന്നു.

സമീര്‍ വാങ്കഡെയ്ക്കെതിരെ അന്വേഷണം

ലഹരിപാര്‍ട്ടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.
ആര്യന്‍ ഖാനെ വിട്ടയക്കുന്നതിന് സമീര്‍ വാങ്കഡെ 25 കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന പ്രധാനസാക്ഷിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പണം വാങ്ങുന്നതിനായി മറ്റ് ബോളിവുഡ് നടീനടന്മാര്‍ക്കെതിരെയും സമീര്‍ വാങ്കഡെ വ്യാജകേസുകള്‍ ചമച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വാങ്കഡെ പറഞ്ഞു.

Eng­lish summary;clean chit to Aryan Khan in drug case

You may also like this video;

Exit mobile version