Site iconSite icon Janayugom Online

കാരാപ്പുഴയില്‍ ജലസേചന ടൂറിസത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

വയനാട് ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്ന് വിപുലമായ ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലവിഭവ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തിനു മുന്നോടിയായയി കാരാപ്പുഴ അണക്കെട്ട് പ്രദേശവും നിലവിലുള്ള മെഗാ ടൂറിസം പദ്ധതിയും സന്ദര്‍ശിച്ച് മന്ത്രി സ്ഥിതി വിലയിരുത്തിയിരുന്നു.സംസ്ഥാനത്തെ അണക്കെട്ടുകളോട് ചേര്‍ന്ന് ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നതായും ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് കാരാപ്പുഴയെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിനും നിലിവിലുള്ള ടൂറിസം പാര്‍ക്കിനും ഇടയിലുള്ള പ്രദേശം മനോഹരമാക്കും. വയനാട് പാക്കേജ്, ജലസേചന വകുപ്പിന്റെ പ്ലാന്‍ ഫണ്ട്, ലഭ്യമായ മറ്റ് സ്‌കീമുകള്‍ എന്നിവയിലുള്‍പ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കും. അണക്കെട്ടിന്റെയും സ്പില്‍വേയുടെയും അവശേഷിക്കുന്ന നവീകരണ പ്രവൃത്തികള്‍ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായി രീതിയിലുള്ള മാതൃകയിലാവണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

 

കാരാപ്പുഴ പദ്ധതിയുടെ 25 കിലോമീറ്റര്‍ കനാലിന്റെ ജോലികള്‍ പൂര്‍ത്തിയായി ജലവിതരണത്തിന് സജ്ജമായിട്ടുണ്ട്. 22 കിലോമീറ്റര്‍ കനാലിന്റെ അറ്റകുറ്റപണി നടത്തി ജലവിതരണ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ആകെ 129 കിലോമീറ്റര്‍ കനാലാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. സംഭരണിയുടെ കപ്പാസിറ്റി കൂട്ടുന്നതിനും വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ വകുപ്പുമായി ഏകോപനമുണ്ടാക്കും. ഇതിനായി ബജറ്റില്‍ 6 കോടി ഇപ്പോള്‍ നീക്കിയിരിപ്പുണ്ട്. പ്ലോനിങ് ബോര്‍ഡ് നിര്‍ദ്ദേശിച്ചതു പ്രകാരം 2025 ഓടു കൂടി പദ്ധതി പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും 2024 ഓടു കൂടി ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കെ.എം മാണിയുടെ നാമധേയത്തിലുള്ള ഊര്‍ജിത കാര്‍ഷിക ജലസേചന പദ്ധതിയില്‍ വയനാട് ജില്ലയ്ക്ക് മുന്‍ഗണന നല്‍കും. നാണ്യവിളകളുടെ സംരക്ഷണത്തിനും സൂക്ഷ്മ ജലസേചന പദ്ധതികള്‍ക്കും ജില്ലയില്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ബാണാസുര- കാരാപ്പുഴ- കാവേരി പ്രോജക്ടുകള്‍, വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, ഭൂജല വകുപ്പ് തുടങ്ങി ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിഭാഗങ്ങളുടെയും പദ്ധതികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം പാടില്ലെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കരാറുകാര്‍ യഥാസമയം വര്‍ക്ക് തുടങ്ങുന്നില്ലെങ്കില്‍ ടെണ്ടര്‍ റദ്ദാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. നിര്‍വഹണത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണം.
Eng­lish summary;Clean drink­ing water in all vil­lages by 2024; Min­is­ter Roshi Augustine
you may also like this video;

Exit mobile version