Site iconSite icon Janayugom Online

വൃത്തിയുള്ള ശുചിമുറി വിവരങ്ങള്‍ : ക്ലൂ നല്‍കും; ആപ്പുമായി ശുചിത്വ മിഷന്‍

യാത്രകള്‍ക്കിടയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ ആപ്പുമായി ശുചിത്വ മിഷന്‍. തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി ക്ലൂ ആപ്പാ കാണിച്ചു തരും. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികളെക്കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 

റിയല്‍ ടൈം അപ്‌ഡേറ്റുകള്‍, മാപ്പില്‍ ലഭ്യമാക്കുന്ന കൃത്യതയാര്‍ന്ന സ്ഥലവിവരങ്ങള്‍, ശുചിമുറികള്‍ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം എന്നിവയ്ക്കൊപ്പം ശുചിമുറിയുടെ റേറ്റിങും ആപ്പില്‍ ഉപയോക്താക്കള്‍ക്ക് രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷനൊപ്പം ചേര്‍ന്ന് ശുചിത്വമിഷനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നല്‍കുന്ന സേവനങ്ങള്‍, റെസ്റ്റോറന്റുകളിലെ സിഗ്‌നേച്ചര്‍ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയും ആപ്പില്‍ നല്‍കും.

കേരള ലൂ എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നല്‍കിയിരിക്കുന്നത്. ഫ്രൂഗല്‍ സൈന്റിഫിക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ശുചിമുറികള്‍ ലഭ്യമായ മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ ഈ മാസം നാളെ മുതല്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും യാത്രക്കാരുടെയുള്‍പ്പെടെ അവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭം എന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.

Exit mobile version