Site icon Janayugom Online

പുരോഹിതരുടെ ലൈംഗികാതിക്രമം ഇന്നലെ തുടങ്ങിയതല്ല: 3000ലധികം പുരോഹിതകരുടെ ലൈംഗികാതിക്രമത്തിനിരയായത് മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍

clergy

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഫ്രഞ്ച് കത്തോലിക്ക പുരോഹിതര്‍ 2,16,000 കുട്ടികളെ ലൈംഗീകാതിക്രമണത്തിന് ഇരകളാക്കിയതായി അന്വേഷണ റിപ്പോര്‍ട്ട്. പുരോഹിതര്‍ക്ക് താഴെയുള്ളവര്‍ പീഡിപ്പിച്ചതിന്റെ കണക്കുകള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് മൂന്ന് ലക്ഷത്തിന് മുകളിലാകുമെന്നും സ്വതന്ത്ര അന്വേഷണ കമ്മിഷന്റെ മേധാവി ജീന്‍ മാര്‍ക് സോവ് പറഞ്ഞു. കുട്ടികള്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തുന്ന 2900–3200 പുരോഹിതര്‍ ഇക്കാലയളവില്‍ ജീവിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018ൽ ഫ്രഞ്ച് കത്തോലിക്ക സഭയാണ് കമ്മിഷനെ നിയോഗിച്ചത്. പുരോഹിതരുടെ ആക്രമണത്തിന് ഇരയായവര്‍, അഭിഭാഷകർ, പുരോഹിതർ, പൊലീസ്, സഭയിലെ രേഖകൾ തുടങ്ങിയവയെല്ലാം പരിശോധിച്ച് രണ്ടര വര്‍ഷമെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പീഡനത്തിന് ഇരയായവരോട് സഭ ക്രൂരമായ നിലപാട് സ്വീകരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2500 പേജുകളിലായാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

പീഡനത്തിന് ഇരയായവരില്‍ ഭൂരിഭാഗവും പത്തിനും 13നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ്. പുരോഹിതര്‍ക്ക് മേല്‍ സമൂഹത്തിനുള്ള വിശ്വാസം മുതലെടുത്ത് പീഡന പരാതികള്‍ പലതും ഒതുക്കി തീര്‍ക്കുകയോ മറച്ചുപിടിക്കുകയോ ആയിരുന്നു. സമാനമായ പ്രശ്നങ്ങള്‍ സഭയ്ക്കുള്ളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും 2000 വരെ വിഷയത്തില്‍ സഭയുടെ കാര്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015- 2016 കാലഘട്ടത്തിലാണ് സഭയുടെ സമീപനം യഥാര്‍ത്ഥത്തില്‍ മാറിത്തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഭയുടെ സംസ്കാരത്തിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം. അതിക്രമങ്ങൾ തുറന്ന് പറഞ്ഞാൽ അത് മൂടി വയ്ക്കുന്നതിൽ മാറ്റം വരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

അടുത്തിടയായി ഫ്രാൻസിസ് മാർപ്പാപ്പ റോമൻ കത്തോലിക്ക സഭയുടെ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ലൈംഗീകാതിക്രമം ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കണക്കുകൾ നാണം കെടുത്തുന്നതും ഭീതിതവുമാണെന്നും മാപ്പ് നൽകണമെന്നുമായിരുന്നു ഫ്രഞ്ച് സഭയുടെ പ്രതികരണം.

 

Eng­lish Sum­ma­ry: Cler­gy sex­u­al harass­ment did not start yes­ter­day: More than 3,000 priests sex­u­al­ly abuse more than three lakh children

 

You may like this video also

Exit mobile version