Site icon Janayugom Online

കാലാവസ്ഥ വ്യതിയാനവും ഉല്പാദന ചെലവും താങ്ങാനാവുന്നില്ല; കുട്ടനാട്ടിലെ നെല്ലുല്‍പ്പാദനം പ്രതിസന്ധിയിൽ

കാലാവസ്ഥ വ്യതിയാനം കുട്ടനാട്ടിലെ നെൽ ഉല്പാദനത്തിന് തിരിച്ചടിയാവുന്നു. വെള്ളപ്പൊക്കവും മടവീഴ്ചയും കാരണം ഇക്കുറി വിളവെടുപ്പിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ 38,000 ഹെക്ടറിലായിരുന്നു പുഞ്ചകൃഷി (രണ്ടാംകൃഷി) ഇറക്കിയത്. മടവീഴ്ച കാരണം കായൽ നിലങ്ങളിൽ വിളവ് പകുതിയോളം നഷ്ടപ്പെട്ടു. ഏക്കറിന് 25 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്ന പാടങ്ങളിൽ വിളവ് 12 ക്വിന്റൽ മുതൽ 20 ക്വിന്റൽ വരെ താഴ്ന്നതായി കർഷകർ പറയുന്നു. കുട്ടനാട്ടിലെ കൃഷിക്ക് ഉമ ഇനം നെല്ലാണ് അധികവും ഉപയോഗിക്കുന്നത്. ഇത് കൂടാതെ മനുരത്ന, പൗർണമി തുടങ്ങിയ നെല്ലിനങ്ങൾ കൃഷി ചെയ്യുന്നുണ്ട്.

കായൽ നിലങ്ങളിൽ ഏക്കറിന് മൂന്നര ടൺവരെ വിളവ് ലഭിച്ചിരുന്നതാണ്. ഇത് ഇത്തവണ ഒന്നേ മുക്കാൽ ടണ്ണായി കുറയുകയും ചെയ്തു. 2018ലെ പ്രളയത്തിന് ശേഷം സ്ഥിതി അൽപ്പം മെച്ചപ്പെട്ടിരുന്നു. എന്നാൽ കാലാവസ്ഥ പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചത് കർഷകരുടെ കണക്ക്കൂട്ടലുകളെ പാടെ തെറ്റിച്ചു. ഉല്പാദനച്ചെലവിലെ വർധനവ് തട്ടിച്ച് നോക്കുമ്പോൾ കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലേക്കാണ് നെൽ ഉല്പാദന മേഖല പോകുന്നത്. ഡീസൽ വില വർധിച്ചതിനാൽ ട്രാക്ടർ കൂലിയും കൂടി. ഒരേക്കറിന് 800 രൂപയ്ക്ക് ട്രാക്ടർ അടിച്ചിരുന്നത് ഇപ്പോൾ 1200 രൂപയായി വർധിച്ചു. ഒരേക്കർ വിതയ്ക്കാൻ 800 രൂപയായിരുന്നത് 1000 രൂപയായി. വരമ്പുവെട്ടാൻ 23 പേർ വേണം. 3300 രൂപ ഇതിന് ചെലവാകും. ഒരേക്കറിൽ കളനാശിനി അടിക്കുന്നതിനുള്ള തുക 800 ൽ നിന്ന് 1000 രൂപയായി. വളമിടുന്നതിനും 1000 രൂപവേണം. പറിച്ചു നടീലിന് സ്ത്രീ തൊഴിലാളിക്ക് 450 രൂപ നൽകിയിരുന്നത് 600 ആയി വർധിച്ചു. നാലഞ്ച് തൊഴിലാളികൾ ഇറങ്ങിയാലെ ഒരേക്കറിലെ പറിച്ചുനടീൽ തീരൂ.

രണ്ടാം വളം ഇടുന്നതിന് 1000 രൂപയാണ് കൂലി. പൊട്ടാഷ് വില വർധന ഭീകരമാണ്. 50 കിലോയുടെ പായ്ക്കറ്റിന് 600 ൽ നിന്ന് 1700 രൂപയായി. ഒരേക്കറിൽ 20 കിലോയെങ്കിലും പൊട്ടാഷ് ഇടണം. മൂന്നാം വളമിടീലിനും ഇതേ ചെലവ് ആവർത്തിക്കും. കുട്ടനാട്ടിൽ പാട്ടകൃഷിയാണധികവും. ഒരേക്കറിന് 20, 000 മുതൽ 30, 000 വരെയാണ് നൽകേണ്ട പാട്ടത്തുക. ഇതിൽ 40, 000 രൂപയുടെ അടുത്ത് വീണ്ടും മുടക്കിയാലേ കൃഷി നടക്കൂ. ചെലവ് ഏറ്റവും കുറച്ചാലും ഒരേക്കറിലെ നെൽകൃഷിയിൽ നിന്ന് കർഷകന് എന്തെങ്കിലും കിട്ടണമെങ്കിൽ 52,000 രൂപയുടെ നെല്ലെങ്കിലും ലഭിക്കണം. കിലോയ്ക്ക് 28.80 പൈസ നിരക്കിലാണ് നെല്ല് സംഭരണം. ഒരേക്കറിൽ 5000 രൂപ മുതൽ 7000 രൂപവരെയാണ് പരമാവധി ലഭിക്കുന്ന ലാഭമെന്നും കർഷകർ ചുണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Cli­mate change is affect­ing rice pro­duc­tion in Kuttanad.

Exit mobile version