ഈ മാസം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അത്യുഷ്ണം ലോകത്ത് ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഇന്ത്യക്കാരാണെന്നും സൂര്യാഘാതം മൂലം നൂറിലധികം പേര്‍ മരിച്ചെന്നും 40,000 പേര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായെന്നും പഠനം. ജൂണ്‍ 16നും 24നും ഇടയ്ക്ക് 61.9 കോടി ഇന്ത്യക്കാരെ ഉഷ്ണതരംഗം ബാധിച്ചതായി അമേരിക്ക ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ പഠനം പറയുന്നു.
പകല്‍ 50 ഡിഗ്രിയും രാത്രി 37 ഡിഗ്രിയുമായിരുന്നു ഈ ദിവസങ്ങളിലെ താപനില. ഇത് സര്‍വകാല റെക്കോഡാണ്. പഠനം നടത്തിയവര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്താന്‍ കാലാവസ്ഥാ വ്യതിയാന സൂചികയാണ് ഉപയോഗിച്ചത്. ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലെ പ്രതിദിന താപനില വ്യതിയാനത്തെ കാലാവസ്ഥാ മാറ്റം എങ്ങനെ സ്വാധീനിച്ചെന്ന് ഇത് സൂചിപ്പിക്കുന്നു.
ജൂണില്‍ ആഗോളതലത്തിലുണ്ടായ അത്യുഷ്ണം കാലാവസ്ഥാ വ്യതിയാനത്തിന്റെ ശക്തമായ മാറ്റമാണെന്നും പഠനം പറയുന്നു. ജൂണ്‍ 16 മുതലുള്ള ഒമ്പത് ദിവസങ്ങളില്‍ 500 കോടി ജനങ്ങളെയാണ് ബാധിച്ചതെന്നും ഇത് ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരുമെന്നും കാലാവസ്ഥാ വ്യതിയാനം കാരണം അത്യുഷ്ണം മൂന്ന് മടങ്ങ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഇതേ കാലയളവില്‍ ചൈനയില്‍ 57.9 കോടി ജനങ്ങളെയാണ് അത്യുഷ്ണം ബാധിച്ചത്. ഇന്തോനേഷ്യ (23.1), നൈജീരിയ (20.6), ബ്രസീല്‍ (17.6) തുടങ്ങിയവയാണ് ഉഷ്ണതരംഗത്തിന്റെ തീവ്രത അനുഭവിച്ച മറ്റു രാജ്യങ്ങള്‍.
English Summary: climate change in India
You may also like this video