കാലാവസ്ഥാ വ്യതിയാനം കാർഷിക കലണ്ടറിനെ താളംതെറ്റിക്കുന്നു. മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുള്ള കാർഷിക കലണ്ടർ വേണമെന്നാണ് കൃഷിക്കാരുടെ ആവശ്യം. കേരളത്തിന്റെ കാർഷിക കലണ്ടർ ഞാറ്റുവേലകളെ ആശ്രയിച്ചാണ് തയാറാക്കിയിരുന്നത്. സൂര്യന്റെ യാത്രയനുസരിച്ചാണ് ഇതു കണക്കാക്കുന്നതെങ്കിലും മഴയുടെ ലഭ്യതയാണ് പ്രധാനം. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ കൃഷിയെയും ഭക്ഷ്യസുരക്ഷയെയും പ്രതിസന്ധിയിലാക്കുന്നു. കാലവർഷക്കെടുതികളിലും മറ്റും കോടികളുടെ നഷ്ടമാണ് ഓരോ വർഷവും കാർഷിക രംഗത്ത് ഉണ്ടാകുന്നത്. നഷ്ടത്തെ പ്രതിരോധിക്കാൻ പുതിയ കൃഷിതന്ത്രങ്ങൾ രൂപപ്പെടുത്തിയെടുക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
കേരള കാർഷിക സർവകലാശാല അതിനുള്ള പ്രവർത്തനപഠനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. വിള സംരക്ഷണം സംബന്ധിച്ച് സർവകലാശാലയുടെ വെബ്സൈറ്റിൽ കർഷകരുടെ അറിവിലേക്കായി ധാരാളം കാര്യങ്ങൾ നൽകിയിട്ടുണ്ട്. ഓണക്കാലത്തെ ലക്ഷ്യമിട്ടു നടത്തിയ കൃഷി ഇത്തവണത്തെ മഴയിൽ പൂർണമായും നശിച്ചു. നെല്ലുല്പാദന രംഗത്താണ് പലപ്പോഴും കൃഷിനാശം ഏറ്റവും കുടതൽ പ്രകടമാകുന്നത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് കാലവർഷ ദുരിതങ്ങൾ നേരിടുന്ന പ്രദേശമാണ്. ഇക്കുറിയും അത് ആവർത്തിച്ചു.
മടവീഴ്ചയിലും പാടശേഖരങ്ങളിൽ വെള്ളം കയറിയും കർഷകർ ദുരിതത്തിലായി. പാടശേഖരങ്ങളിൽ സാധാരണ ഗതിയിൽ ഏപ്രിൽ അവസാനത്തോടെ വിത്തുവിതച്ചാൽ ഓഗസ്റ്റ് മൂന്നാമത്തെ ആഴ്ചയാകുമ്പോഴേക്കും വിളകൊയ്യാൻ ഒരുങ്ങി നിൽക്കേണ്ടതാണ്. എന്നാൽ വേണ്ടത്ര മഴ കിട്ടാതെ വരണ്ടുണങ്ങിയ പാടത്ത് മേയ് ആയാലും വിത്ത് വിതക്കാൻ കഴിയാറില്ല. ചിലപ്പോൾ വിത ജൂൺ മാസം വരെ നീളാറുണ്ട്. സ്വാഭാവികമായി നവംബറിലേ കൊയ്ത്തു സാധ്യമാവുകയുള്ളൂ.
ഇതിനിടയിൽ ഓഗസ്റ്റ് മാസത്തിൽ മഴകനക്കുകയും പ്രളയ സമാനമായ അവസ്ഥയുണ്ടാകുമ്പോൾ നെൽച്ചെടികൾ പാടേ നശിക്കുകയാണിവിടെ. കാർഷിക കലണ്ടർ പരിഷ്ക്കരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം ഇല്ല. ഓണനെല്ല് എന്ന പതിവു സങ്കല്പം തന്നെ കാലാവസ്ഥാ വ്യതിയാനംകൊണ്ട് നഷ്ടമായി കഴിഞ്ഞു. പയറു വർഗങ്ങളുൾപ്പെടെയുള്ള ചെറു ധാന്യങ്ങൾ കേരളത്തിൽ ധാരാളം കൃഷി ചെയ്തിരുന്നു. കാലാവസ്ഥയിലും കൃഷിരീതികളിലുമുണ്ടായ മാറ്റം കാരണം അവ ഏറെക്കുറെ അപ്രത്യക്ഷമായി.
English Summary: Climate change is disrupting the agricultural calendar
You may also like this video