Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം; മഴ ദുരന്തങ്ങള്‍ കൂടും

കാലാവസ്ഥാ വ്യതിയാനം രാജ്യത്തുടനീളം മഴയും ശരാശരി താപനിലയും വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിച്ചതായാണ് കണക്കുകള്‍. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30വരെ രാജ്യത്ത് 934.8 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. സാധാരണ ഈ കാലയളവില്‍ 868.6 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറുണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനം വിവിധ സംസ്ഥാനങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമായി. ഇത് രാജ്യത്ത് വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചത്. 

പരിസ്ഥിതി സംഘടനയായ ക്ലൈമറ്റ് ട്രെന്‍ഡ്സ് നടത്തിയ പഠനത്തില്‍ രാജ്യത്തെ 729 ജില്ലകളില്‍ 340 എണ്ണത്തില്‍ സാധാരണ മഴയും 158 ജില്ലകളില്‍ സാധാരണയില്‍ കവിഞ്ഞ മഴയും ലഭിച്ചതായി പറയുന്നു. 48 ജില്ലകളില്‍ പ്രളയഭീകരത നേരിട്ടു. എന്നാല്‍ 208 ജില്ലകളില്‍ കാര്യമായ മഴ ലഭിച്ചില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണ്. 2020 ന് ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 753 സ്ഥലങ്ങളില്‍ റെക്കോഡ് മഴ റിപ്പോര്‍ട്ട് ചെയ്തതായി പഠനം ചൂണ്ടിക്കാട്ടുന്നു. കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ ശരാശരി താപനില ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് കഴിഞ്ഞ വര്‍ഷം കൊടിയ വരള്‍ച്ചയും ഈ വര്‍ഷം കനത്ത മഴയും ഉണ്ടാകാന്‍ കാരണമായതെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്സ് സ്ഥാപക ആരത് കോസ്‍ല പറഞ്ഞു.

Exit mobile version