Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി: ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ വക്കില്‍

barrierbarrier

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിനെ അപകടാവസ്ഥയിലുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്താന്‍ യുനെസ്‍കോയുടെ ശുപാര്‍ശ. കാലാവസ്ഥാ വ്യതിയാനം പവിഴപ്പുറ്റുകള്‍ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് യുഎന്നിന്റെ നീക്കം. ഇത് സംബന്ധിച്ച് ലോക പെെതൃക സമിതിക്ക് ഔദ്യോഗിക ശു­പാ­ര്‍ശ നല്‍കുമെന്ന് യുനെസ‍്‍കോ അറിയിച്ചു.
യുനെസ്‍കോയില്‍ നിന്നും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൽ നിന്നുമുള്ള ഗവേഷക സംഘമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. 

1998 മുതലുള്ള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ ഫലമായുള്ള സമുദ്രജലത്തിന്റെ താപനിലയിലുണ്ടാകുന്ന വര്‍ധനവാണ് പവിഴപ്പുറ്റുകളുടെ നിലനില്പിന് ഭീഷണി സൃഷ്ടിക്കുന്നത്. ഗ്രേറ്റ് ബാരിയര്‍ റീഫ് ഉള്‍പ്പെടുന്ന ചില ഭാഗങ്ങളില്‍ താപനില റെക്കോഡ് വര്‍ധനയിലെത്തിയിരുന്നു. താപനില ഉയരുന്നത് പവിഴപ്പുറ്റുകളിലെ ബ്ലീച്ചിങ് പ്രക്രിയയ്ക്ക് കാരണമാകും. പവിഴപ്പുറ്റുകളുടെ 91 ശതമാനം ഭാഗങ്ങളിലും ബ്ലീച്ചിങ് ഇതിനോടകം നടന്നിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ പവിഴപ്പുറ്റുകള്‍ പൂര്‍ണമായും നശിക്കുന്നതിന് കാരണമാകും. സമുദ്ര ജലത്തിന്റെ ഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള പവിഴപ്പുറ്റുകളുടെ സ്വാഭാവിക ശേഷി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും ഗ്രേറ്റ് ബാരിയര്‍ റീഫിനെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ സ്കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സമുദ്രജല ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള ലക്ഷ്യങ്ങള്‍ കെെവരിക്കുന്നതിന് കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്ന് യുനെസ്‍കോ ആവശ്യപ്പെട്ടിരുന്നു. നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് പവിഴപ്പുറ്റുകളുടെ ഗവേഷണത്തിനായി റീഫ് 2050 എന്ന പേരിലുള്ള ദൗത്യത്തിന് മുന്‍ പരിസ്ഥിതി മന്ത്രി സൂസൻ ലേ യുഎന്നിനെ സമീപിച്ചത്. 

യുനെസ‍്കോ റിപ്പോര്‍ട്ടിനു പിന്നാലെ ഹരിതഗൃഹ വാതക ഉദ്‌വമനം 2005‑ൽ നിന്ന് 43ശതമാനം കുറയ്ക്കാനും 2030-ഓടെ പൂജ്യത്തിലെത്തിക്കാനുമുള്ള ദേ­ശീയ ലക്ഷ്യം ആന്റണി അല്‍ബനീസ് സര്‍ക്കാര്‍ നിയമമായി അവതരിപ്പിച്ചിട്ടുണ്ട്. ഫെഡറൽ ബജറ്റിൽ, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി അൽബനീസ് സർക്കാർ 1.2 ദശലക്ഷം ഡോളർ ധനസഹായവും പ്രഖ്യാപിച്ചു.
പവിഴപ്പുറ്റുകളുടെ സ്വാഭാവികത തിരികെകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നിലവിലെ സര്‍ക്കാരിന്റെ നയങ്ങള്‍ ഗുണകരമാകുമെന്ന് സ്വതന്ത്ര ഏജന്‍സി നടത്തിയ വിശകലനത്തില്‍ കണ്ടെത്തിയിരുന്നു. 

Eng­lish Sum­ma­ry: Cli­mate Change Strikes Back: Great Bar­ri­er Reef on the Brink of Destruction

You may also like this video

Exit mobile version