Site icon Janayugom Online

കെണിയിൽ കുടുങ്ങി കേണികളും; കാലാവസ്ഥാ വ്യതിയാനം, കേണികളും മണ്‍മറയുന്നു

ഒരുകാലത്ത് നാടിന്റെ ജല സ്രോതസുകളായിരുന്ന കേണികളും കാലാവസ്ഥാ വ്യതിയാനത്തില്‍ മണ്‍മറയുന്നു.
വയനാടൻ ഗോത്രസമുദായത്തിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ദൈനംദിന ജീവിതത്തിലും ഏറ്റവും പ്രധാന പങ്കുവഹിച്ചിരുന്നത് ജല സംരക്ഷണ മാതൃകയായ കേണികളാണ്. പ്രകൃതിയിൽനിന്നും മുളപൊട്ടിയ ഉറവകളിലേക്ക് ഉള്ളു തുരന്ന മരത്തടികൾ വയലുകളോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഭൂമിയിലേക്ക് താഴ്ത്തിയാണ് കേണി രൂപപ്പെടുത്തുന്നത്. പന, ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ തടികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അടിയിൽ മണലും മറ്റും ഇടും. ഇതോടെ ഏത് വേനലിലും തെളിമയുളള ഉറവകൾ ഒട്ടും വറ്റാതെ നിലനിർത്താൻ സാധിക്കുമായിരുന്നു. കുറിച്യ‑കുറുമ സമുദായം കേണിയിൽനിന്നുള്ള വെള്ളമാണ് ഭക്ഷണത്തിനും കുടിക്കാനും ആരാധനാവശ്യങ്ങള്‍ക്കും ഉപയോഗിക്കുക.
കുഞ്ഞു ജനിച്ചാൽ വായിൽ തൊടുന്ന ആദ്യജലവും മരണാനന്തര ചടങ്ങുകൾ, വിവാഹ ചടങ്ങുകൾ എന്നിവയ്ക്കെല്ലാം കേണിയിലെ വെള്ളം നിർബന്ധമായിരുന്നു. കല്യാണം കഴിഞ്ഞാൽ നവവധു പിറ്റേന്ന് പുലർച്ചെ ഈ കേണിയിൽനിന്ന് ഒരുകുടം വെള്ളമെടുത്ത് വീടിന്റെ അകത്തളങ്ങളിലെത്തിക്കണമെന്നുപോലും ചിട്ടകളുണ്ടായിരുന്നു.
2018ലെ പ്രളയത്തിന് ശേഷമാണ് കേണികൾ വറ്റി തുടങ്ങുന്നതെന്ന് ആദിവാസി മൂപ്പൻമാർ പറയുന്നു. എത്ര ശക്തമായ വേനലിലും ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ജല സോത്രസായിരുന്നു കേണികൾ. 500 വർഷം വരെ പഴക്കമുള്ള കേണികളുണ്ടെന്ന് പഴമക്കാർ പറയുന്നു. ഏത് കാലാവസ്ഥയിലും നല്ല തെളിഞ്ഞ തണുത്ത വെള്ളം ലഭിക്കുന്ന കേണികളെ പവിത്രമായി ഗോത്രസമൂഹം കരുതിപ്പോന്നിരുന്നു.
കാലാവസ്ഥാ വ്യതിയാനവും കിണറുകളുടെ ആധിക്യം കാരണം ഭൂരിഭാഗവും പേരും കേണികളെ ആശ്രയിക്കാതായതും, വയലുകൾ ഇല്ലാതായതും കേണികളുടെ നിലനില്പിനെ ബാധിച്ചു. പെയ്യുന്ന മഴയുടെ അളവ് കുറഞ്ഞതും, ഭൂമിയിലേക്ക് വെള്ളം ഇറങ്ങുന്നതിന് തടസമായ കോൺക്രീറ്റ് മുറ്റങ്ങളും, പ്ലാസ്റ്റിക്കുകളുടെ അശാസ്ത്രീയ സംസ്കരണവും കേണികളുടെ നാശത്തിന് ആക്കംകൂട്ടി. നിലവിൽ പനമരം, ആറുവാൾ തുടങ്ങിയ സ്ഥലങ്ങളിലായി വിരലിൽ എണ്ണാവുന്ന കേണികൾ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്.
വയനാട്ടിൽ ജൂൺ മാസം മുതൽ ആരംഭിക്കാറുണ്ടായിരുന്ന മഴ സെപ്റ്റംബർ രണ്ടാം വാരത്തിലെത്തുമ്പോഴും അന്യമായി തുടരുകയാണ്. കൂടാതെ 30 ഡിഗ്രിക്ക് മുകളിൽ കനത്ത ചൂടും നിലനിൽക്കുന്നുണ്ട്. അഞ്ച് വർഷത്തോളമായി ഓഗസ്റ്റ് മാസത്തിൽ ശരാശരി മഴ ലഭിച്ചിരുന്നെങ്കിലും രണ്ട് വർഷമായി അതും ഇല്ലാതായി.

Eng­lish sum­ma­ry; Cli­mate change, the kenis are also los­ing ground
you may also like this video;

Exit mobile version