Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം: ഇന്ത്യൻ കർഷകർക്ക് ഭീഷണി

വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനം കൃഷിഭൂമിയിലും പ്രകൃതി വിഭവങ്ങളിലും ചെലുത്തുന്ന സമ്മർദ്ദം രാജ്യത്തെ ഭക്ഷ്യോല്പാദനത്തിനും കർഷകരുടെ ഉപജീവനമാർഗത്തിനും ഭീഷണിയാകുന്നു. ഏകദേശം 30 ശതമാനം കൃഷിഭൂമി ഉല്പാദനക്ഷമമല്ലാതാകുമെന്നും വർധിച്ചുവരുന്ന താപനില മൂലം കൃഷിക്ക് 30 ശതമാനം കൂടുതൽ വെള്ളം ആവശ്യമായി വരുമെന്നും പഠനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടാനും കൃഷിയിലെ ആഘാതങ്ങൾ ലഘൂകരിക്കാനും കർഷകരെ സഹായിക്കുന്നതിന് ഇന്ത്യയിലുടനീളം നൂതന രീതികൾ ഉയർന്നുവരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുടനീളമുള്ള കർഷകർക്ക് ആനുകൂല്യങ്ങൾ പൂർണമായും ലഭ്യമാക്കുന്നതിന് കൂടുതൽ ഫണ്ടിങും പിന്തുണയും ആവശ്യമാണ്. സ്ഥിതിവിവരക്കണക്കനുസരിച്ച്, മൊത്തത്തിലുള്ള കാർഷിക ഫണ്ടിങ്ങിന്റെ അഞ്ച് ശതമാനം കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ഉപയോഗിക്കേണ്ടതുണ്ട്. ഫണ്ട് വർധിപ്പിക്കേണ്ടതും ഏറ്റവും ഉപയുക്തമായ നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിലേക്ക് വഴിമാറേണ്ടതും ഭക്ഷ്യസുരക്ഷാ ലക്ഷ്യം കൈവരിക്കുന്നതിന് പ്രധാനമാണ്. ആഗോള താപനിലയിലുള്ള വർധനവ് നിയന്ത്രിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുമുള്ള സത്വരനടപടിവേണമെന്ന മുന്നറിയിപ്പ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ആറാം റിപ്പോർട്ടിലുണ്ട്. 

ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും ഉല്പാദനക്കുറവും നിലനിൽക്കുമ്പോൾ ഉല്പാദനക്ഷമതയും വർധിപ്പിക്കേണ്ടതുണ്ട്. ആഗോളതാപന ഭീഷണി പാവപ്പെട്ട കർഷകരുടെ ഉപജീവനമാർഗങ്ങളെ ബാധിക്കരുത്. വിളപരിപാലനം, പോഷക പരിചരണം, കാർഷിക അവശിഷ്ടങ്ങളുടെ ഫലപ്രദമായ വിനിയോഗം, സ്ഥലം, വിളവിനിയോഗത്തിലുള്ള മാറ്റം, മേച്ചിൽ പുറങ്ങളുടെ പരിചരണവും ഉപയോഗവും വിളജനുസുകളുടെ മാറ്റം എന്നിവ അനുവർത്തിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്ത ള്ളൽ കുറയ്ക്കാനിടവരുത്തും. ജൈവകൃഷിയിടങ്ങളിലെ മണ്ണിന്റെ പരിചരണത്തിലുളള സമഗ്ര ഇടപെടൽ, പ്രകൃതിദുരന്തങ്ങൾ മൂലം നശിച്ച കൃഷിയിടങ്ങളുടെ പരിവർത്തനം, കന്നുകാലി പ്രജനനം, പരിചരണം എന്നിവയിലുള്ള ശാസ്ത്രീയത, ജൈവവള പരിചരണം എന്നിവ ഒരു പരിധിവരെ ഫലപ്രദമാണെന്നു ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. 

ലോകത്തിൽ വച്ചേറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കന്നുകാലികളുടെ എണ്ണത്തിലും ഇന്ത്യ മുന്നിട്ടുനിൽക്കുന്നു. മുട്ടക്കോഴി വളർത്തലിൽ ലോകത്ത് മൂന്നാം സ്ഥാനവും ഇറച്ചിക്കോഴി വളർത്തലിൽ അഞ്ചാം സ്ഥാനവും ഇന്ത്യക്കാണ്. മത്സ്യം, വിവിധ കാർഷിക വിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പച്ചക്കറി, ഫലവർഗങ്ങൾ എന്നിവയുടെ ഉല്പാദനത്തിൽ രാജ്യം മുൻനിരയിൽ തന്നെയാണ്. കാർഷിക മേഖലയിൽ നിന്നു ഗണ്യമായ തോതിൽ കാർബൺ ഡൈഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് എന്നിവ പുറന്തള്ളപ്പെടുന്നുവെന്നതാണ് ഐപിസിസിയുടെ കണ്ടെത്തൽ.
രാസവളങ്ങളെ ആശ്രയിക്കാതെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ കർഷകരെ സഹായിക്കുന്ന ആന്ധ്രാപ്രദേശ് കമ്മ്യൂണിറ്റി മാനേജ്ഡ് നാച്ചുറൽ ഫാമിങ് പദ്ധതി ഒരു നൂതന മാതൃകയാണ്. നല്ല വിളവെടുപ്പിനായി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. ചെറുകിട കർഷകർ ചെലവിന്റെ 35 ശതമാനവും രാസവളങ്ങൾക്കാണ് മാറ്റി വയ്ക്കുന്നത്. ഇത് കാലാവസ്ഥാ ആഘാതത്തോടൊപ്പം വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 2027 ഓടെ 60 ലക്ഷം കർഷകരെ എട്ട് ദശലക്ഷം ഏക്കർ കൃഷിയിടം കൈകാര്യം ചെയ്യാനും പാരിസ്ഥിതിക കൃഷിരീതികൾ സ്വീകരിക്കാനും എപിസിഎൻഎഫ് പ്രോജക്റ്റ് ലക്ഷ്യമിടുന്നു. 

ENGLISH SUMMARY:Climate change: Threat to Indi­an farmers
You may also like this video

Exit mobile version