കാലാവസ്ഥാ ദുരന്തങ്ങൾ സമ്പന്ന രാജ്യങ്ങളേക്കാള്‍ അവികസിത രാജ്യങ്ങളേയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (എൻഡിബി) മേധാവിയും മുൻ ബ്രസീലിയൻ പ്രസിഡന്റുമായ ദിൽമ റൂസെഫ്. സിഒപി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2015 പാരിസ് ഉടമ്പടിയുടെ വ്യവസ്ഥ സമ്പന്ന രാജ്യങ്ങള്‍ നിറവേറ്റണമെന്നും ദില്‍മ ആവശ്യപ്പെട്ടു. 2035 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക ഉദ്‌വമനം 2019 ലെ നിലവാരത്തിൽ നിന്ന് 12% കുറയുമെന്ന് പ്രവചിക്കപ്പെടുമ്പോഴും നിലവിലെ നയങ്ങള്‍ തുടര്‍ന്നാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനില 2.6 അല്ലെങ്കിൽ 2.8 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് മുന്നറിയിപ്പ്.
ട്രംപ് ഭരണകൂടത്തിനു കീഴില്‍ കൂട്ടായി നിശ്ചയിച്ചിട്ടുള്ള എല്ലാ ലക്ഷ്യങ്ങളെയും ലംഘിക്കുന്ന നയമാണ് യുഎസിന്റേത്. വികസ്വര രാജ്യങ്ങളിലെ പരിവർത്തനത്തിനായി നവീകരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള എന്‍ഡിബി ധനസഹായ പദ്ധതികളും ദിൽമ വാഗ്ദാനം ചെയ്തു. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, അവയില്‍ ഭൂരിഭാഗത്തിനും വലിയ ബാഹ്യ, പൊതു കടബാധ്യതയുണ്ട്. അതിനാൽ വികസന ആവശ്യങ്ങളെക്കാൾ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് മുൻഗണന നൽകുന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ സമ്പന്ന രാജ്യങ്ങള്‍ വാഗ്‍ദാനം ചെയ്ത ധനസഹായത്തിനായി വികസ്വര രാജ്യങ്ങള്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയാണ്.
ബാക്കുവിൽ നടന്ന സിഒപി29ല്‍ വികസ്വര രാജ്യങ്ങൾക്കായി 1.3 ട്രില്യൺ യുഎസ് ഡോളർ ലക്ഷ്യം നിശ്ചയിച്ചിരുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങൾക്ക് വാർഷിക കാലാവസ്ഥാ ധനസഹായമായി 300 ബില്യൺ യുഎസ് ഡോളർ എന്ന ലക്ഷ്യം ഇതുവരെ കൈവരിക്കാനായിട്ടില്ല. 2010 ൽ വികസ്വര രാജ്യങ്ങൾക്ക് നിശ്ചയിച്ച 100 ബില്യൺ ഡോളർ വാർഷിക കാലാവസ്ഥാ ധനസഹായ ലക്ഷ്യം കൈവരിക്കാൻ ലോകത്തിന് കഴിഞ്ഞത് 2022 ൽ മാത്രമാണ്. കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിനായി ബെലെമിൽ ബഹുമുഖ കാലാവസ്ഥാ ഫണ്ടുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം, മലിനീകരണ പ്രവർത്തനങ്ങൾക്ക് നികുതി ചുമത്താനും പരമാധികാര കടം കാലാവസ്ഥാ നിക്ഷേപമാക്കി മാറ്റാനുമുള്ള നിർദേശങ്ങളുണ്ട് .

