Site iconSite icon Janayugom Online

കിരീടപ്പോരാട്ടത്തിന് ഇന്ന് ക്ലൈമാക്സ്

സാംസ്കാരിക തലസ്ഥാനത്തെ അഞ്ച് ദിനങ്ങൾ കലയുടെ ലഹരിയിൽ ആറാടിച്ച 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സുവർണ കിരീടത്തിനായി കേരളത്തിലെ കൗമാരപ്രതിഭകൾ നടത്തിയ വാശിയേറിയ പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഫലം പ്രവചനാതീതമായി തുടരുന്നു. നിലവിൽ 955 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, തൊട്ടു പിന്നിലുള്ള ജില്ലകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ആദ്യദിനം മുതൽ ലീഡ് നിലനിർത്തുന്ന കണ്ണൂരിനെ വിറപ്പിച്ച് ആതിഥേയരായ തൃശൂർ വെറും അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിൽ 950 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. 947 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 946 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമുണ്ട്. അവസാന മണിക്കൂറുകളിലെ ഫലങ്ങൾ പുറത്തുവരുന്നതോടെ സ്വർണക്കപ്പിന്റെ അവകാശികൾ ആരെന്ന് വ്യക്തമാകും. കൊല്ലം (917), മലപ്പുറം (915), എറണാകുളം (912) ജില്ലകളും തുടർ സ്ഥാനങ്ങളിലുമുണ്ട്.

സ്കൂളുകളിൽ 228 പോയിന്റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ ബഹുദൂരം മുന്നിലാണ്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള എസ്ജിവിഎച്ച്എസ്എസ് കിടങ്ങനൂർ (157) രണ്ടാം സ്ഥാനത്തും വയനാട് ജില്ലയിലെ എംജിഎംഎച്ച്എസ്എസ് മാനന്തവാടി (127) പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുമുണ്ട്. കലോത്സവത്തിന്റെ നാലാം ദിനം ഗോത്രകലകളുടെ കരുത്തിലാണ് വേദികൾ ഉണർന്നത്. നീലക്കുറിഞ്ഞി വേദിയിൽ അരങ്ങേറിയ ഇരുളനൃത്തവും പളിയനൃത്തവും ജനസാഗരത്തെ സാക്ഷിയാക്കിയാണ് പൂർത്തിയായത്. കൂടാതെ ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യം, കഥകളി, കൂടിയാട്ടം എന്നിവയ്ക്കൊപ്പം മലയാളം, അറബിക് നാടകവേദികളും ഗംഭീരമായ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. 

ഇന്ന് വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയായ ‘സൂര്യകാന്തി‘യിൽ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മോഹൻലാൽ വിശിഷ്ടാതിഥിയാകും. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രിയും മോഹൻലാലും ചേർന്ന് സമ്മാനിക്കും.

Exit mobile version