കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പാറയില്‍ മേഘസ്‌ഫോടനമെന്നു സംശയം. ചുരുങ്ങിയ സമയത്തിനുള്ളില്‍ കോരിച്ചൊരിഞ്ഞ മഴയെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍. മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങകളും ഉണങ്ങാനിട്ട വിറകും ഒലിച്ചുപോയി. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് മലവെള്ളം ഒഴുകിയെത്തിയത്.
കോളംകുളത്തെ ദേവസ്യയുടെ വീട്ടുമുറ്റത്തു കൂട്ടിയിട്ടിരുന്ന തേങ്ങകളും വിറകുമാണ് ഒഴുകിപ്പോയത്. ഈ സമയത്ത് ഈ പ്രദേശത്ത് വലിയമഴ ഉണ്ടായിരുന്നില്ല. എന്നാല്‍ നിമിഷ നേരം കൊണ്ട് ഒഴുകിയെത്തിയ മഴവെള്ളം മുറ്റത്തും തോട്ടങ്ങളിലും നിറയുകയും തോടു കരകവിയുകയുമായിരുന്നു. റോഡും വെള്ളത്തിനടിയിലായി. സാധാരണഗതിയില്‍ ബിരിക്കുളം പാറയില്‍ ശക്തമായ മഴ പെയ്താലേ ഇത്തരത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാകാറുള്ളുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പും സമാന അനുഭവം ഉണ്ടായതായി കൂട്ടിച്ചേര്‍ത്തു.