യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. പൊരുതിക്കളിച്ച സൗദി അറേബ്യയിലെ അല്‍ഹിലാലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് നീലപ്പടയുടെ ഫൈനല്‍ പ്രവേശനം. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ പാല്‍മിറാസുമായി അവര്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം നാളെ രാത്രി പത്തുമണിക്കാണ് മത്സരം. അല്‍ ഹിലാലിനെതിരെ മുപ്പത്തിരണ്ടാം മിനിറ്റില്‍ റൊമേലു ലുകാകുവാണ് ഏക ഗോളടിച്ചത്. മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇംഗ്ലിഷ്, ബ്രസീല്‍ ക്ലബ്ബുകള്‍ ക്ലബ് ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും വാറ്റ്ഫഡിന്റെയും മുന്‍ ഫോര്‍വേഡ് ഒഡിയന്‍ ഇഗാലോയും പോര്‍ടോയുടെ സ്‌ട്രൈക്കറായിരുന്ന മൂസ മരേഗയുമാണ് ഹിലാലിന്റെ ആക്രമണം നയിച്ചത്. എങ്കിലും തുടക്കത്തില്‍ കെപ അരിസബലാഗ കാവല്‍നിന്ന ചെല്‍സിയെ വെല്ലുവിളിക്കാന്‍ അല്‍ഹിലാലിന് സാധിച്ചില്ല.
ഹക്കിം സിയെചും ലുകാകുവും ഹിലാലിന്റെ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി. യാസിര്‍ അല്‍ഷംറാനിയുടെ ക്ലിയറന്‍സില്‍ നിന്ന് പന്ത് പിടിച്ച ലുകാകു അനായാസം ഗോളി അബ്ദുല്ല മയൂഫിനെ കീഴടക്കി. തുടര്‍ന്നും ചെല്‍സിയാണ് ആക്രമിച്ചത്. കായ് ഹാവേട്‌സിന്റെ ഷോട്ട് പോസ്റ്റിനെ വിറപ്പിച്ചു. സിയെചിന്റെ ശ്രമം അബ്ദുല്ല മയൂഫ് തടുത്തു. അവസാന അര മണിക്കൂറില്‍ ഹിലാല്‍ ഉണര്‍ന്നുകളിച്ചെങ്കിലും ചെല്‍സിയുടെ പ്രതിരോധത്തെ മറികടക്കാനായില്ല.
മരേഗയ്ക്ക് മികച്ച ഒരു അവസരം ലഭിച്ചുവെങ്കിലും കെപ നിര്‍വീര്യനാക്കി. മുഹമ്മദ് കാനുവിന്റെ ഗോളെന്നുറച്ച ഷോട്ട് കെപ ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. മാത്യുസ് പെരേരയുടെ ഷോട്ട് ലക്ഷ്യം തെറ്റിയതോടെ ഹിലാലിന്റെ അവസാന അവസരവും പാഴായി. അല്‍ഹിലാല്‍ ലൂസേഴ്‌സ് ഫൈനലില്‍ ഈജിപ്തിലെ അല്‍അഹലിയുമായി ഏറ്റുമുട്ടും.
english summary;Club World Cup: Chelsea in the final
you may also like this video;