Site iconSite icon Janayugom Online

ക്ലബ്ബ് ലോകകപ്പ് പൂരം; ഉദ്ഘാടന മത്സരം നാളെ ഇന്റര്‍ മിയാമിയും അല്‍ അഹ്ലിയും തമ്മില്‍

ആറ് വന്‍കരയില്‍ നിന്നും 32 ടീമകള്‍ മാറ്റുരയ്ക്കുന്ന ഫിഫ ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പിന് നാളെ തുടക്കം. അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയും ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലിയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇന്റര്‍ മിയാമിയുടെ തട്ടകത്തില്‍ രാവിലെ 5.30നാണ് മത്സരം. രാത്രി 9.30ന്‌ ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക് ന്യൂസിലാൻഡ് ക്ലബ്ബ് ഓക്‌ലൻഡ് സിറ്റിയെ നേരിടും. രാത്രി 12.30ന് പിഎസ്ജി– അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം നടക്കും. നാല് ക്ലബ്ബുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളിലായാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. യൂറോപ്പിൽനിന്ന് 12 ടീമുകളും തെക്കേ അമേരിക്കയിൽനിന്ന് ആറ് ടീമുകളുമുണ്ട്. ഏഷ്യയില്‍ നിന്നുള്ള നാല് ക്ലബ്ബുകളില്‍ സൗദി അറേബ്യയില്‍ നിന്നുള്ള അല്‍ ഹിലാലും യുഎഇയിലെ അല്‍ ഐന്‍ എഫ്‌സിയും ഉള്‍പ്പെടുന്നു. ജാപ്പനീസ് ക്ലബ്ബ് ഉറാവ റെഡ് ഡയമണ്ട്‌സ്, ദക്ഷിണ കൊറിയയിലെ ഉല്‍സാന്‍ ആസ്ഥാനമായുള്ള ഉല്‍സാന്‍ എച്ച്ഡി എഫ്‌സി എന്നിവരാണ് മറ്റ് രണ്ട് ക്ലബ്ബുകള്‍.

ബാഴ്സലോണ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ, ആഴ്സണൽ തുടങ്ങിയ ക്ലബ്ബുകളുടെ അഭാവത്തില്‍ ക്ലബ്ബ് ലോകകപ്പ് ആവേശം എത്രത്തോളമുണ്ടെന്ന് കണ്ടറിയാം. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ പങ്കാളിത്തം ആവേശമാക്കുമെന്നത് ഉറപ്പാണ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, വിനീഷ്യസ്, എർലിങ് ഹാളണ്ട്, ഒസുമാനെ ഡെംബലെ, എസ്റ്റെവോ വില്യൻ, സാലോമൻ റൊൺഡൻ, തിയാഗോ സിൽവ, സെർജി റാമോസ്, ജൂലിയൻ അൽവാരസ് എന്നിവര്‍ ക്ലബ്ബ് ലോകകപ്പില്‍ ഇറങ്ങുന്നുണ്ട്. അല്‍ നസര്‍ യോഗ്യത നേടാത്തതിനാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പിനില്ല. ഇതോടെ മെസിയും റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന അവസരമാണ് നഷ്ടമായത്. ബ്രസീൽ ക്ലബ് സാന്റോസും ലോകകപ്പിനില്ല. ഇതോടെ പരിക്കിന്റെ ഭീഷണിയിലുള്ള സൂപ്പർ താരം നെയ്മറും ലോകകപ്പിനില്ല. യുഎസിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ. ജൂലൈ 13നാണ് ഫൈനല്‍.

നാളത്തെ മറ്റു മത്സരങ്ങള്‍

ബയേൺ മ്യൂണിക്-ഓക്‌ലാന്‍ഡ് സിറ്റി, രാത്രി 9.30ന്

പിഎസ്ജി– അത്‌ലറ്റിക്കോ മാഡ്രിഡ്, രാത്രി 12.30ന്

Exit mobile version