Site iconSite icon Janayugom Online

ജിലുമോൾ മേരി തോമസിന് ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് കൈമാറി മുഖ്യമന്ത്രി

ജിലുമോള്‍ ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഏറ്റുവാങ്ങിയ നിമിഷം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ദിനം കൂടിയായി. ഏഷ്യയിലാദ്യമായാണ് ഇരുകൈകളുമില്ലാത്ത ഒരു വനിത നാലുചക്രവാഹനം ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ് സ്വീകരിക്കുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി കല്ലേപ്പുള്ളി ക്ലബ് 6 കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ വച്ച് ഇടുക്കി സ്വദേശിനിയായ ജിലു മോൾ മേരി തോമസിന് മുഖ്യമന്ത്രി പിണറായി വിജയൻ ലൈസൻസ് കൈമാറി. ഭിന്നശേഷി ദിന പാരിതോഷികമായി ജിലു ഫോർ വീലർ ഡ്രൈവിംഗ് ഏറ്റുവാങ്ങിയതിന് പിന്നില്‍ ഏറെ പ്രയത്നമുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജിലു. സംസ്ഥാന ഭിന്നശേഷി കമ്മീഷന്റെ ഇടപെടലിൽ എറണാകുളം ആർ ടി ഒ ജിലുവിന്റെ അപേക്ഷ പരിശോധിക്കുകയും നിരവധി ഓൺലൈൻ ഹിയറിങ്ങികളുടെയും മറ്റും അടിസ്ഥാനത്തില്‍ ലൈസൻസ് അനുവദിക്കുകയുമായിരുന്നു. ഇരുകൈകളുടെയും അഭാവത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ കഴിയുന്ന വിധം ജിലുവിന്റെ കാറിന് മാറ്റം വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസൻസിംഗ് അതോറിറ്റി ഡ്രൈവിംഗ് ലൈസൻസ് നൽകുകയായിരുന്നു.

2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 41 (2) വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന്, തങ്ങളുടെ വാഹനങ്ങളുടെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ, അവയുടെ പ്രവർത്തന രീതിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാലുകള്‍ ഉപയോഗിച്ചാണ് ജിലു ഡ്രൈവ് ചെയ്യുന്നത്.

Eng­lish Sum­ma­ry: cm hand­ed over the dri­ving licence to jilu­mol thomas
You may also like this video

Exit mobile version