Site iconSite icon Janayugom Online

സിഎംഡിആര്‍എഫും പിഎം കെയേഴ്‌സും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് (സിഎംഡിആര്‍എഫ്)വിനിയോഗം പ്രതിപക്ഷവും ചില മാധ്യമങ്ങളും വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. മുഖ്യമന്ത്രിയെയും കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിലെ 18 മന്ത്രിമാരെയും പ്രതികളാക്കി കേരള സർവകലാശാലാ ഉദ്യോഗസ്ഥനായിരുന്ന ആർ എസ് ശശികുമാർ എന്നയാള്‍ ലോകായുക്തയില്‍ നല്കിയ ഹർജിയാണ് പ്രതിപക്ഷത്തിനും അവരെ പിന്തുടരുന്ന മാധ്യമങ്ങള്‍ക്കും പിടിവള്ളിയായിരിക്കുന്നത്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ, എൻസിപി നേതാവ് ഉഴവൂർ വിജയൻ എന്നിവരുടെ കുടുംബത്തിന് സഹായം നല്കിയതിനെതിരെയുള്ള ഹര്‍ജി ലോകായുക്ത മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിൽ ഇടപെടാനും അന്വേഷിക്കാനും അധികാരമുണ്ടോ എന്നായിരിക്കും ലോകായുക്തയുടെ പൂർണ ബെഞ്ച് പരിഗണിക്കുക. സംഗതി ഇങ്ങനെയിരിക്കേ വിവാദങ്ങളുയര്‍ത്തുന്നത് കാടടച്ച് വെടിവയ്ക്കുന്നതു പോലെ ലക്ഷ്യംതെറ്റിയ പ്രതിപക്ഷത്തിന്റെ ഒച്ചയുണ്ടാക്കല്‍ മാത്രമാണ്. മുന്‍ ഭരണാധികാരികളുടെ കാലത്തും മന്ത്രിസഭയുടെ തീരുമാനങ്ങൾക്കനുസരിച്ച് പലർക്കും സഹായം നല്കിയിട്ടുണ്ട്. അതിൽ നിന്ന് മന്ത്രിമാർ പങ്ക് പറ്റാത്തിടത്തോളം അഴിമതി ആരോപിക്കാനാകില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

കൃത്യമായ മാനദണ്ഡമില്ലാതെ ആർക്കെങ്കിലും സഹായധനം നല്കിയാൽ മന്ത്രിസഭയ്ക്കെതിരെ പൊതുവിൽ സ്വജനപക്ഷപാതം ആരോപിക്കാം. പക്ഷേ മന്ത്രിമാര്‍ വ്യക്തിപരമായി കുറ്റക്കാരാകില്ല. വിഷയം ഹൈക്കോടതിയിലെത്തുകയും പക്ഷപാതം കോടതിക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ നടപടി റദ്ദാക്കാമെന്നല്ലാതെ ക്രിമിനൽക്കുറ്റം നിൽക്കില്ലെന്നുമാണ് നിയമജ്ഞരുടെ പക്ഷം. കോവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രൂപീകരിച്ച ‘പിഎം കെ യേഴ്സ്’ എന്ന സഞ്ചിതനിധിയുമായി സിഎംഡിആര്‍എഫിന് ഒരു താരതമ്യം അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് ബാേധ്യമായിട്ടും പിഎം കെ യേഴ്സ് പദ്ധതി ഇപ്പോഴും തുടരുന്നു. ഫണ്ടിലേക്ക് സംഭാവന നല്കുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ ഈ ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി 2021 സെപ്റ്റംബറില്‍ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ 12ാം അനുച്ഛേദം പ്രകാരമുള്ള ഫണ്ട് അല്ലാത്തതിനാല്‍ രാഷ്ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ലെന്നായിരുന്നു സത്യവാങ്മൂലം. ഇക്കഴിഞ്ഞ ജനുവരി 31നും പിഎം കെയേഴ്‌സ് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. വന്‍കിട വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് ഫണ്ടിലേക്ക് നല്കിയിരുന്നത്. ഈ തുക എന്തൊക്കെ കാര്യങ്ങൾക്ക് ചെലവഴിച്ചു എന്നതടക്കം ചോദിച്ചുള്ള വിവരാവകാശ അപേക്ഷ നിരസിച്ചുകൊണ്ടായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.


ഇതുകൂടി വായിക്കൂ: വികസനവും ക്ഷേമവും വിഭവസമാഹരണവും


പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ അംഗങ്ങളാണെങ്കിലും ഇതൊരു സര്‍ക്കാരിതര ട്രസ്റ്റ് മാത്രമാണെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ സിഎംഡിആര്‍എഫ് അങ്ങനെയല്ല, കൂട്ടുത്തരവാദിത്തത്തിലുള്ളതും ഓഡിറ്റിങ്ങിന് വിധേയവുമാണ്. എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴിയുണ്ടാക്കിയ മാനദണ്ഡങ്ങളാണ് സിഎംഡിആര്‍എഫിനുള്ളത്. അതാത് അവസരങ്ങള്‍ക്കനുസരിച്ച് യുക്തിസഹമായ കാരണങ്ങളാൽ മന്ത്രിസഭയ്ക്ക് മാറ്റാൻ കഴിയുന്നവയുമാണ് മാനദണ്ഡങ്ങള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ഓപ്പറേഷൻ സിഎംഡിആർഎഫ്‌ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ചിലയിടത്ത് പദ്ധതിയില്‍ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട്‌ ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാനും പൊതുജനങ്ങൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കാനുമായി താലൂക്ക്‌, വില്ലേജ്‌ അടിസ്ഥാനത്തിൽ ഹെൽപ്‌ലൈൻ ഡെസ്കുകളും ഹെൽപ്‌ലൈൻ നമ്പരുകളും തയ്യാറായിവരികയാണ്.

സംസ്ഥാന‑കേന്ദ്ര നിയമനിർമ്മാണ സഭകളുടെ നിർദേശ പ്രകാരമല്ല ഫണ്ട് രൂപീകരിച്ചതെന്ന പിഎം കെയേഴ്സിനെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് സിഎംഡിആര്‍എഫിനെക്കുറിച്ച് ഒരു പുനര്‍വിചിന്തനം കൂടുതല്‍ ഗുണകരമാകുമെന്ന് തോന്നുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ സഞ്ചിതനിധിയെന്ന നിലയില്‍ എക്സിക്യൂട്ടീവ് ഉത്തരവുകളാൽ മാത്രം നിയന്ത്രിക്കപ്പെടേണ്ട ഒന്നായല്ല സിഡിഎംആര്‍എഫ് നിലനില്‍ക്കേണ്ടത്. നിയമനിർമ്മാണസഭയില്‍ ഉണ്ടാക്കുന്ന ഒരു നിയമത്തിന് കീഴിൽ ഇതിനെ കൊണ്ടുവരണം. മന്ത്രിസഭകള്‍ക്ക് അപ്പപ്പോൾ മാറ്റാൻ കഴിയുന്ന മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും പകരം കൃത്യമായ നിയമത്തിനു കീഴിലാവണം നടപടികള്‍. നിയമം അനുശാസിക്കുന്ന അധികാരം മാത്രമായിരിക്കണം ഇക്കാര്യത്തിൽ മന്ത്രിസഭയ്ക്കും വകുപ്പ് സെക്രട്ടറിക്കും ഉണ്ടാകേണ്ടത്. എക്സിക്യൂട്ടീവ് അധികാരം നിയമനിർമ്മാണ സഭയ്ക്ക് വിധേയമായിരിക്കേണ്ടത് ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണല്ലോ. അങ്ങനെയൊരു നിയമനിര്‍മ്മാണം നടത്തിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുതാര്യതയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെടും. ഒപ്പം ഭാവിയിലെ സര്‍ക്കാരുകള്‍ക്ക് ആശങ്കകളില്ലാതെ ദുരിതാശ്വാസഫണ്ട് കെെകാര്യം ചെയ്യാനുമാകും.

Exit mobile version