Site iconSite icon Janayugom Online

സംസ്ഥാനത്ത് മത്തിയുടെ ലഭ്യത 75 ശതമാനം കുറഞ്ഞതായി സിഎംഎഫ് ആര്‍ഐ പഠനം

കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി സിഎംഫ്‌ആർഐ പഠനം. കഴിഞ്ഞ വർഷം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവാണ്‌ ഇത്‌. 1994ന് ശേഷമുള്ള ഏറ്റവുംവലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്. മത്തിയുടെ കുറവ് ചെറുകിട മത്സ്യത്തൊഴിലാളികൾക്ക്‌ കനത്ത നഷ്ടമുണ്ടാക്കി. 

2014ൽ ലാൻഡിങ്‌ സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ൽ 30 കോടി രൂപയായി. 578 കോടി രൂപയുടെ നഷ്ടമാണ് മത്സ്യമേഖലയിൽ സംഭവിച്ചതെന്ന് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എൻ അശ്വതിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ വാർഷിക വരുമാനം 3.35 ലക്ഷം രൂപയിൽനിന്ന്‌ 90,262 രൂപയായി കുറഞ്ഞു. കടലിൽപോകുന്ന ദിവസങ്ങൾ 237ൽനിന്ന്‌ 140 ആയി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.അതുപോലെ അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ. കഴിഞ്ഞവർഷം കേരളത്തിൽ പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി അനുവദനീയമായതിലും ചെറുതായിരുന്നു.

ഇതുമൂലം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യമേഖലയ്ക്ക് ഉണ്ടായത്‌. ചെറുമീനുകളെ പിടിക്കുന്നത്‌ മത്സ്യസമ്പത്ത് കുറയുന്നതിന്‌ കാരണമാകുമെന്നും സിഎംഎഫ്ആർഐയിൽ നടന്ന ശിൽപ്പശാലയിൽ വിദഗ്‌ധർ പറഞ്ഞു. കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും’ വിഷയത്തിലാണ്‌ ശിൽപ്പശാല സംഘടിപ്പിച്ചത്‌.മണ്ണെണ്ണ വിലക്കയറ്റവും മത്തിയുടെ കുറവുംകാരണം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജുകളോ സബ്‌സിഡികളോ അനുവദിക്കണം. മീൻപിടിത്ത യാനങ്ങൾക്ക് നിയന്ത്രണം വേണം. 

ചെറുമീനുകളെ പിടിക്കുന്നത് തടയുന്ന നിയമം എല്ലാ തീരദേശസംസ്ഥാനങ്ങളിലും ഒരുപോലെ നടപ്പാക്കണം. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവയും സമുദ്രമത്സ്യസമ്പത്തിന് വിനയാകുന്നുണ്ടെന്നും ശിൽപ്പശാലയിൽ അഭിപ്രായമുയർന്നു.മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ്‌ ചാൾസ് ജോർജ് അധ്യക്ഷനായി. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. ടി എം നജ്മുദീൻ, ഡോ. എൻ അശ്വതി, സിഐഎഫ്ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് എം വി ബൈജു, എൻ കെ സന്തോഷ്, ഡോ. പി ലക്ഷ്മിലത, എം എസ് സാജു, ടി വി ജയൻ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: CMFRI study shows that avail­abil­i­ty of sar­dines in the state has decreased by 75 percent

You may also like this video:

Exit mobile version