Site icon Janayugom Online

സിഎൻജി വില കുതിക്കുന്നു; വെട്ടിലായി വാഹന ഉടമകൾ

ഡീസലിനും പെട്രോളിനും പിന്നാലെ സിഎൻജി വിലയും കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 87ൽ നിന്ന് 91 രൂപയായാണ് വർധിച്ചത്. വിലനിയന്ത്രണത്തിൽ ഇടപെടില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വർധന. ഒരു വർഷം മുമ്പ് കിലോയ്ക്ക് 53 രൂപയായിരുന്നു. നാലുമാസത്തിനിടെ വർധിച്ചത് 16 രൂപ.
ചെലവു കുറഞ്ഞ ഇന്ധന സംവിധാനമെന്ന നിലയിൽ സിഎൻജി ആശ്രയിച്ച സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികളാണ് വില വർധനയോടെ കിതച്ചുപോയത്. എജി ആന്റ് പി (അറ്റ്ലാന്റിക്, ഗൾഫ് ആന്റ് പസഫിക്) കമ്പനി വിതരണം ചെയ്യുന്ന ആലപ്പുഴയിലും അഡാനി ഗ്രൂപ്പ് വിതരണം ചെയ്യുന്ന കൊച്ചിയിലും സിഎൻജിക്ക് രണ്ടു വിലയാണ്. ആലപ്പുഴയിൽ കിലോയ്ക്ക് 89 രൂപയും കൊച്ചിയിൽ 91 രൂപയും.
പെട്രോളിന്റെയും ഡീസലിന്റെയും വില അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിൽ നിരവധി ഓട്ടോ- ടാക്സി വാഹനങ്ങൾ സിഎൻജി സംവിധാനത്തിലേക്ക് മാറിയിരുന്നു. കൊച്ചി നഗരത്തിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകളും ഇത്തരത്തിൽ മാറുകയുണ്ടായി. ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനായി അഞ്ചു ലക്ഷം വരെ ചെലവാക്കിയവരുമുണ്ട്. ഇന്ധനവിലയും കോവിഡ് വരുത്തിയ സാമ്പത്തിക നഷ്ടവും മറികടക്കുന്നതിനായിരുന്നു ഈ നീക്കം. വില വർധിച്ചെങ്കിലും നിലവിൽ ഇന്ധനക്ഷാമമില്ല.
മൈലേജ് ഉള്ളതിനാലാണ് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. എന്നാൽ ഇനിയും വില ഉയർന്നാൽ പിടിച്ചു നിൽക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അഞ്ചു മാസം മുമ്പ് 75 രൂപയോളമായിരുന്ന വില ഏപ്രിൽ മാസത്തോടെ 82 ലും പിന്നീട് 84 ലും എത്തി. തുടർന്ന് കഴിഞ്ഞ ആഴ്ച വരെ 87 രൂപയായിരുന്നു വില.
സംസ്ഥാനത്തെ വാഹനങ്ങളിൽ ഗെയിലിന്റെ കൊച്ചി മംഗളുരു എൽഎൻജി പൈപ്പ് ലൈനിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. 

Eng­lish Sum­ma­ry: CNG price jumps; Vehi­cle own­ers cut off

You may like this video also

Exit mobile version